സൂരജ്കുണ്ഡിൽനിന്ന് ഒരു സ്വപ്നമെഡൽ, ഷൂട്ടിങ് റേഞ്ചുള്ള സ്കൂളിൽ പഠിക്കാൻ മനു യാത്ര ചെയ്തത് 4 മണിക്കൂറിലേറെ

Mail This Article
ന്യൂഡൽഹി ∙ മനു ഭാക്കറിന്റെ വീട്ടിൽ ഇന്നലെ രാവിലെ മുതൽ പ്രാർഥനയുടെ മണിമുഴക്കങ്ങളാണു നിറഞ്ഞു നിന്നത്. വൈകിട്ട് 3.30നാണു ഫൈനൽ മത്സരം ആരംഭിച്ചതെങ്കിലും വീട്ടിൽ രാവിലെ തന്നെ പൂജ ആരംഭിച്ചിരുന്നു. മകളുടെ നേട്ടത്തിനു വേണ്ടിയുള്ള പ്രാർഥന. ഒടുവിൽ ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടവുമായി ആ പ്രാർഥനകളുടെ ഫലപ്രാപ്തി.
-
Also Read
റൊളാങ് ഗാരോസിൽ നദാൽ Vs ജോക്കോ
മെഡൽ ഉറപ്പായ ശേഷമാണു ഹരിയാനയിലെ സൂരജ് കുണ്ഡിലുള്ള ഫ്ലാറ്റിൽനിന്നു മനു ഭാക്കറിന്റെ പിതാവ് രാം കിഷൻ പുറത്തേക്കു വന്നത്. ‘മനുവിന്റെ പ്രയത്നവും ജസ്പാൽ റാണയുടെ അനുഗ്രഹവുമാണു മെഡൽ നേട്ടത്തിനു പിന്നിൽ. ഏറെക്കാലത്തെ അധ്വാനമാണ്’– രാം കിഷന്റെ വാക്കുകൾ. വെങ്കലമെഡൽ നേട്ടം തുടക്കം മാത്രമാണെന്നും ഇനിയുള്ള 2 ഇനങ്ങളിൽ കൂടുതൽ മികവോടെ മത്സരിക്കാൻ ഇതു കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ ഒളിംപിക്സ് മെഡൽ നേട്ടം പക്ഷേ, മാതാപിതാക്കൾ ടിവിയിലൂടെ കാണാനിരുന്നില്ല. ‘മനു മത്സരിക്കുന്ന ദിവസം ഞങ്ങൾ ടിവി കാണാറില്ല. ബന്ധുക്കളാണു വിവരങ്ങൾ അപ്പപ്പോൾ നൽകുന്നത്. ഇക്കുറിയും അതു തന്നെയായി പതിവ്’. ടോക്കിയോയിലെ പരാജയത്തിനു പിന്നാലെ ഇടയ്ക്കു ഷൂട്ടിങ് ഉപേക്ഷിക്കാൻ പോലും തീരുമാനിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങളും ജസ്പാൽ റാണയും നൽകിയ പിന്തുണയാണു മനുവിനു കൂടുതൽ ആത്മവിശ്വാസം നൽകിയതെന്നും രാം കിഷൻ വിശദീകരിച്ചു.
മനുവിന്റെ അമ്മ സുമേധ രണ്ടു ദിവസമായി ആരുടെയും ഫോൺവിളികൾ പോലും എടുക്കുന്നുണ്ടായിരുന്നില്ല. അതിനു ക്ഷമാപണം നടത്തിയാണ് അവർ മാധ്യമങ്ങളോടു സംസാരിച്ചത്. മകൾ മത്സരിക്കുന്ന ഘട്ടത്തിൽ തങ്ങൾക്കാണു സമ്മർദമെന്ന് അവർ പറഞ്ഞു.