ഉന്നം പിടിച്ച് ഇന്ത്യ, അർജുൻ ബബുതയും റമിത ജിൻഡാലും ഫൈനലിൽ
Mail This Article
പാരിസ്∙ ഷൂട്ടിങ് റേഞ്ചിൽ മനു ഭാക്കർ രാജ്യത്തിന്റെ യശസ്സുയർത്തിയ ദിവസം മെഡൽ പ്രതീക്ഷ നൽകി 2 ഷൂട്ടർമാർ കൂടി ഫൈനലിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുത, വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ റമിത ജിൻഡൽ എന്നിവ മെഡൽ റൗണ്ടിലേക്കു യോഗ്യത നേടിയത്. അർജുൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നും റമിത ഉച്ചയ്ക്ക് ഒന്നിനും ഫൈനലിന് ഇറങ്ങും. റോവിങ്ങിൽ പുരുഷ വിഭാഗം സിംഗിൾ സ്കൾ ഇനത്തിൽ റെപ്പെഷാജ് മത്സരം ജയിച്ച ബൽരാജ് പൻവർ ക്വാർട്ടറിലെത്തി.
ബോക്സിങ്ങിൽ നിഖാത് സരീൻ, ടേബിൾ ടെന്നിസിൽ മനിക ബത്ര, ശ്രീജ അകുല തുടങ്ങിയവർ ആദ്യ മത്സരങ്ങളിൽ വിജയിച്ചു. ടേബിൾ ടെന്നിസിലെ വെറ്ററൻ താരം ആദ്യ റൗണ്ടിൽ പുറത്തായി. അതേസമയം, അമ്പെയ്ത്തിൽ വനിതാ ടീമും ടെന്നിസ് പുരുഷ സിംഗിൾസിൽ സുമിത് നാഗലും പുറത്തായി.
യോഗ്യതാ റൗണ്ടിൽ 630.1 പോയിന്റോടെ ഏഴാമതായാണ് അർജുൻ ബബുത ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ സന്ദീപ് സിങ് 629.3 പോയിന്റോടെ 12–ാം സ്ഥാനത്തായി. യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റോടെ റമിത അഞ്ചാം സ്ഥാനം നേടി. അതേസമയം, 10–ാം സ്ഥാനത്തു ഫിനിഷ് ചെയ്ത എളവനിൽ വേലറിവൻ യോഗ്യത നേടാതെ പുറത്തായി.
നീന്തലിൽ ഇന്ത്യയുടെ പ്രതീക്ഷകൾ മുങ്ങിത്താഴ്ന്നു. പുരുഷ വിഭാഗത്തിൽ ശ്രീഹരി നടരാജും വനിതാ വിഭാഗത്തിൽ ധിനിധി ദേസിങ്കുവും സെമിഫൈനൽ കാണാതെ പുറത്തായി. 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ 55.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത മൊത്തത്തിൽ 33–ാം സ്ഥാനത്തായി. പതിനാലുകാരിയായ ധിനിധി 200 മീറ്റർ ഫ്രീസ്റ്റൈലിൽ 23–ാം സ്ഥാനത്തായി.
ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ പ്രീ ക്വാർട്ടറിലെത്തി. വനിതകളുടെ 50 കിലോഗ്രാമിൽ ജർമനിയുടെ മാക്സി കത്രീന ക്ലൂറ്റ്സറെയാണ് 2 തവണ ലോകചാംപ്യനായിരുന്ന നിഖാത് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ പിന്നിട്ടുനിന്ന് ശേഷം 5–0 ലീഡ് നേടി നിഖാത് ശക്തമായി തിരിച്ചുവന്നു. വനിതകളുടെ 54 കിലോഗ്രാമിൽ വിയറ്റ്നാമിന്റെ വോ തി കിം ആനിനെ പരാജയപ്പെടുത്തി പ്രീതി പവാർ പ്രീക്വാർട്ടറിൽ കടന്നു.
അമ്പെയ്ത്തിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടറിൽ നെതർലൻഡ്സിനെതിരെ മുട്ടുകുത്തി. ശരത് കമൽ 2–4ന് സ്ലൊവേനിയയുടെ ഡെനി കോസുലിനോടാണു പരാജയപ്പെട്ടത്.
വനിതകളുടെ സിംഗിൾസിൽ മനിക ബത്രയും ശ്രീജ അകുലയും ആദ്യ റൗണ്ട് മത്സരങ്ങൾ വിജയിച്ചു. ബത്ര 4–1നു ബ്രിട്ടന്റെ അന്ന ഹഴ്സിയെയും ശ്രീജ അകുല 4–0നു സ്വീഡന്റെ ക്രിസ്റ്റീന കാൾബെർഗിനെയും തോൽപിച്ചു.
ടെന്നിസിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം സുമിത് നാഗലിന് ആദ്യ റൗണ്ടിൽത്തന്നെ മടക്കം. ആതിഥേയരായ ഫ്രാൻസിന്റെ കോറന്റിൻ മൗട്ടെക്കെതിരെ 2–6, 6–2, 5–7ന് ആണു തോൽവി.