വെൽ ഡൺ, മനു, ജസ്പാൽ; ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

Mail This Article
മഹാമേളയുടെ രണ്ടാം ദിനം തന്നെ രാജ്യത്തിന്റെ അഭിമാനമുയർത്തിയ മനു ഭാക്കറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വെറും കയ്യോടെ മടങ്ങേണ്ടവരല്ല നമ്മളെന്ന ബോധ്യം, പാരിസിലെത്തിയിട്ടുള്ള നമ്മുടെ മറ്റ് അത്‌ലീറ്റുകളിലേക്കു പ്രസരിപ്പിക്കാൻ മനുവിന്റെ ഉജ്വല പ്രകടനത്തിനു സാധിച്ചു.
മനുവിന്റെ പഴ്സനൽ കോച്ച് ജസ്പാൽ റാണയും അഭിനന്ദനമർഹിക്കുന്നു. ഒളിംപിക് അസോസിയേഷന്റെ പ്രത്യേക ഇടപെടലിലൂടെയാണു ജസ്പാലിനു പാരിസിലേക്കു വരാനായത്. തന്റെ സ്വന്തം പരിശീലകനെക്കൂടി ഒളിംപിക്സിനു കൊണ്ടുപോകാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മനു കത്തു നൽകിയിരുന്നു. അത്‌ലീറ്റിനു ‘കംഫർട്ട് സോണി’ലെത്താൻ ഏറ്റവും ആവശ്യം പരിശീലക സാന്നിധ്യമാണെന്ന് അറിയാവുന്നതിനാൽ ഞങ്ങൾ അനുവാദം നൽകി. അങ്ങനെ അദ്ദേഹം ഇവിടെ വന്നു. ഞാൻ ജസ്പാലിനെ വിളിച്ചിരുന്നു. വളരെ സന്തോഷത്തിലാണ് അദ്ദേഹം.
മനു മെഡൽ നേടുമെന്ന് ഉറപ്പായിരുന്നതിനാൽ ഇന്നലെ രാവിലെ തന്നെ ഞാൻ ഷാറ്റുറൂവിലേക്കു പോകാൻ ഇറങ്ങിയിരുന്നു. സംഘാടകർ ഒരുക്കിയ കാറിലായിരുന്നു യാത്ര. എന്നാൽ, ഈ കാറിന് ആ മേഖലയിലേക്കു പ്രവേശനമില്ലെന്ന കാര്യം യാത്ര കുറെദൂരം പിന്നിട്ടപ്പോഴാണ് അറിയുന്നത്. കാര്യങ്ങൾ പരിഹരിച്ചു വന്നപ്പോഴേക്കും സമയം വൈകി. എന്റെ യാത്ര മുടങ്ങുകയും ചെയ്തു. സുരക്ഷയാണോ മറ്റു സാങ്കേതിക പ്രശ്നങ്ങളാണോ കാരണമെന്നറിയില്ല.