‘ജസ്റ്റ് റൈറ്റ് റാണ’: മനു ഭാക്കറിന്റെ പരിശീലകൻ ജസ്പാൽ റാണ ‘മനോരമ’യോടു സംസാരിക്കുന്നു

Mail This Article
ഷാറ്റുറൂ∙ 1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമ്പോൾ ഇന്ത്യൻ ഷൂട്ടിങ് താരം ജസ്പാൽ റാണയ്ക്കു വയസ്സ് 18. ക്വാലലംപുരിൽ 98ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തിലേക്കു നിറയൊഴിക്കുമ്പോൾ പ്രായം 20. പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലം നേടി ഇരുപത്തിരണ്ടുകാരി മനു ഭാക്കർ നക്ഷത്രത്തിളക്കത്തിൽ നിൽക്കുമ്പോൾ പരിശീലകനായി ജസ്പാൽ ഗാലറിയിലുണ്ട്.
ഉത്തരാഖണ്ഡിലെ ആദ്യ കായികമന്ത്രിയായ നാരായൺ സിങ് റാണയുടെ മകനായ ജസ്പാൽ 12–ാം വയസ്സിൽ ഷൂട്ടിങ് പരിശീലനം തുടങ്ങി. 4 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം. പിന്നാലെ ഇന്ത്യൻ ജൂനിയർ, സീനിയർ ടീമുകളുടെ പരിശീലകനായി. ഇടയ്ക്ക് രാഷ്ട്രീയത്തിലിറങ്ങി. പിതാവിന്റെ വഴിയേ ആദ്യം ബിജെപിയിൽ. പിന്നീടു കോൺഗ്രസിൽ.
ജസ്പാലിന്റെ സഹോദരി സുഷമ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ മരുമകളാണ്. മനു ഭാക്കറിന്റെ പഴ്സനൽ കോച്ചായ ജസ്പാൽ റാണ ഷാറ്റുറൂ ഷൂട്ടിങ് റേഞ്ചിൽനിന്നു ‘മനോരമ’യോടു സംസാരിക്കുന്നു...
∙ മനുവിന്റെ നേട്ടത്തെക്കുറിച്ച്
മനുവിന് ഇനിയും ഒരിനംകൂടി ബാക്കിയുണ്ട്. കാത്തിരിക്കൂ, മൂന്നാമതൊരു മെഡലിനുകൂടി മനുവിനു മികവുണ്ട്. മനുവിന് ഇനിയും നേട്ടങ്ങളുടെ പടികൾ കയറാനാവും.
∙ ടോക്കിയോയ്ക്ക് ശേഷം നിങ്ങൾ പിണക്കത്തിലായിരുന്നല്ലോ ?
ശരിയാണ്. ടോക്കിയോയിലേക്കു ഞാൻ പോയിരുന്നില്ല. അവിടെ മനുവിന്റെ പ്രകടനം മോശമായതിന് ആളുകൾ എന്നെയും മനുവിനെയും അധിക്ഷേപിക്കാൻ തുടങ്ങി. മനുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ എനിക്കെതിരെ തിരിഞ്ഞപ്പോൾ പ്രതികരിക്കേണ്ടി വന്നു. എല്ലാം എന്റെ കുറ്റമല്ലെന്നും കുറച്ചൊക്കെ പിഴവ് മനുവിന്റെ ഭാഗത്തുണ്ടെന്നും വ്യക്തമാക്കാനാണു ഞാൻ ശ്രമിച്ചത്. കുറച്ചുനാളത്തേക്കു ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ എനിക്ക് മനുവിന്റെ ഫോൺ വന്നു. വീണ്ടും പരിശീലിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
∙ മത്സരരീതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച്
മത്സരമെല്ലാം അതുപോലെ തന്നെ. ഒരു മാറ്റവുമില്ല. പക്ഷേ, ഇപ്പോഴത്തെ കുട്ടികൾ അപ്ഡേറ്റഡാണ്. ഈ മത്സരത്തിന്റെ എല്ലാ സാങ്കേതികവശവും പഠിക്കുന്നവരാണ്.
∙ ഒരു പരിശീലകനുവേണ്ട ഏറ്റവും നല്ല ഗുണമെന്താണ്?
അത്‌ലീറ്റുമായി നല്ലൊരു രസതന്ത്രം ഉണ്ടാവണമെന്നതാണ് ഏറ്റവും പ്രധാനം. പാരിസിൽ ഞാൻ ഉണ്ടായിരിക്കണമെന്ന് മനുവിനു നിർബന്ധമുണ്ടായിരുന്നു. പഴ്സനൽ കോച്ചായി എന്നെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷ നൽകിയത് അതുകൊണ്ടാണ്. പി.ടി.ഉഷ ഉൾപ്പെടെയുള്ളവർക്കു മനുവിന്റെ ആവശ്യം ന്യായമാണെന്നു തോന്നി. അവർ അപേക്ഷ പരിഗണിക്കുകയും ചെയ്തു.
∙ ജസ്പാൽ സാർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഈ നേട്ടത്തിലേക്ക് എത്തില്ലായിരുന്നു. ബുദ്ധിമുട്ടിക്കുന്ന പരിശീലകനല്ല അദ്ദേഹം. നമ്മുടെ കംഫർട്ട് സോൺ തിരിച്ചറിഞ്ഞ്, അതിലേക്കു നയിക്കുന്ന സ്നേഹസമ്പന്നൻ. ഈ മെഡലുകൾ ഞങ്ങളുടെ രണ്ടു പേരുടെയും അധ്വാനത്തിന്റെ ഫലമാണ്. - മനു ഭാക്കർ