ബുള്ളറ്റ് വേഗത്തിൽ പായുംപുലി...; ഷൂട്ടിങ് മിക്സ്ഡ് ടീമിനത്തിൽ വെങ്കലം നേടിയ സരബ്ജ്യോത് സിങ് സംസാരിക്കുന്നു

Mail This Article
പാരിസ് ∙ ഭോപാലിൽ കഴിഞ്ഞ വർഷം നടന്ന ഷൂട്ടിങ് ലോകകപ്പിൽ സ്വർണം നേടിയശേഷം, തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് ഇന്ത്യൻ താരം സരബ്ജ്യോത് സിങ് പറഞ്ഞു: ‘വേഗക്കാറുകളെ ഇഷ്ടപ്പെടുന്നയാളാണു ഞാൻ. ഒളിംപിക്സിൽ മെഡൽ നേടിയാൽ പുതിയൊരു കാർ കൂടി വാങ്ങണം. 2022ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ശേഷം പുതിയൊരു വാഹനം സ്വന്തമാക്കിയിരുന്നു.’
ഇനി ഏതു വണ്ടിയാണു വാങ്ങാൻ പോകുന്നതെന്ന് ഇന്നലെ മത്സരശേഷം ചോദിച്ചപ്പോൾ താരം പ്രതികരിച്ചു: ‘ഞാൻ തീരുമാനിച്ചിട്ടില്ല. നാട്ടിലെത്തട്ടെ...’ നാട്ടിലെത്തുമ്പോൾ ഒരുപാടു കാറുകൾ സമ്മാനമായി കിട്ടുമെന്ന് തൊട്ടടുത്തുണ്ടായിരുന്ന റൈഫിൾ അസോസിയേഷൻ ഭാരവാഹി പറഞ്ഞപ്പോൾ ഉത്തരങ്ങൾ ചിരിയിൽ മുങ്ങി.
ഹരിയാന അംബാലയിൽ കർഷകനായ ജതീന്ദർ സിങ്ങിന്റെയും ഹർദീപ് സിങ്ങിന്റെയും മകനാണു സരബ്ജ്യോത്. 16–ാം വയസ്സിൽ മുൻ രാജ്യാന്തര താരം അഭിഷേക് റാണയുടെ ശിക്ഷണത്തിൽ ഷൂട്ടിങ്ങിലേക്കിറങ്ങി. ഇപ്പോഴും അഭിഷേകിനൊപ്പമാണു പരിശീലനം. മത്സരശേഷം സരബ്ജ്യോത് സംസാരിക്കുന്നു:
∙ ടൈം ഔട്ട് എടുത്തപ്പോൾ മനുവും സരബ്ജ്യോതും എന്തായിരുന്നു സംസാരിച്ചത്?
നമുക്കു മെഡൽ നേടാൻ കഴിയും, ഏറ്റവും നന്നായി ചെയ്താൽ മതിയാകും എന്നുള്ള രീതിയിലാണു ഞങ്ങൾ സംസാരിച്ചത്. മത്സരത്തിനു മുൻപു മാത്രമാണു സാധാരണ ഞങ്ങൾ സംസാരിക്കാറുള്ളത്. വ്യക്തിഗതയിനങ്ങളിൽ ശ്രദ്ധിക്കുന്നവരാണല്ലോ ഞങ്ങൾ. അതുകൊണ്ടു ടീമായി മത്സരിക്കുമ്പോൾ മാത്രമേ കൂടുതൽ സംസാരമുള്ളൂ.
∙ ആദ്യ ഒളിംപിക്സ് മെഡൽ
അതിന്റെ വലിയ സന്തോഷമുണ്ട്. എത്രയോ പേർക്കു നേടാൻ കഴിയാതെ പോയ മെഡലാണു ഞാൻ കഴുത്തിലണിഞ്ഞത്. വേറെയൊരു ലവലിൽ എത്തിയപോലെ തോന്നിപ്പോകുന്നു.
∙ ഇനിയെന്താണു ലക്ഷ്യം?
ഒരു ഒളിംപിക്സ് കൊണ്ടു തീരുന്നതല്ലല്ലോ കരിയർ. തിരിച്ചുപോവുക. ലോകകപ്പ് ഉൾപ്പെടെയുള്ള അടുത്ത മത്സരങ്ങൾക്കായി ഒരുങ്ങുക. അടുത്ത ലൊസാഞ്ചലസിൽ ഒളിംപിക്സിൽ വീണ്ടുമൊരു മെഡൽ കൂടി നേടുക. അതാണു ലക്ഷ്യം.