നീരജിന്റെ ചിറകിൽ ഇന്ത്യ, ഇന്ത്യൻ അത്‌ലറ്റിക്സ് സംഘത്തിൽ 29 പേർ

Mail This Article
പാരിസ് ∙ അത്‌ലറ്റിക്സിൽ ഇന്ത്യൻ പ്രതീക്ഷയ്ക്ക് ഒരൊറ്റ പേരേയുള്ളൂ: നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ടോക്കിയോ ഒളിംപിക്സിൽ നടത്തിയ സുവർണ പ്രകടനം നീരജ് പാരിസിലും ആവർത്തിക്കുന്നതു കാണാൻ കാത്തിരിക്കുന്നത് 144 കോടിയിലേറെ ജനങ്ങളാണ്. ടോക്കിയോയിലെ സ്വർണത്തിനുശേഷം നീരജ് പിന്നീടു ലോക ചാംപ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി. ചില്ലറ പരുക്കുകളുണ്ടെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും മെഡലിൽ കുറഞ്ഞൊന്നും നീരജിൽ നിന്നു രാജ്യം പ്രതീക്ഷിക്കുന്നില്ല. 29 പേരാണ് ഇന്ത്യൻ അത്‌ലറ്റിക്സ് സംഘത്തിലുള്ളത്.
നീരജിന്റെ എതിരാളികൾ
ഈ സീസണിൽ 90.20 മീറ്റർ എറിഞ്ഞിട്ടുള്ള ജർമനിയുടെ മാക്സ് ഡെനിങ് നീരജിനു വെല്ലുവിളി ഉയർത്തിയേക്കും. പത്തൊൻപതുകാരനായ മാക്സ് ഫെബ്രുവരിയിലാണ് ഈ അദ്ഭുത ദൂരം പിന്നിട്ടത്. നീരജിന്റെ ഏറ്റവും മികച്ച പ്രകടനം 2022ൽ കണ്ടെത്തിയ 89.94 മീറ്ററാണ്. ടോക്കിയോ ഒളിംപിക്സിൽ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ്, ജർമനിയുടെ ജൂലിയൻ വെബർ എന്നിവരും പോരാട്ടത്തിനുണ്ടാകും. പാക്കിസ്ഥാന്റെ അർഷാദ് നദീം, ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരും ജാവലിനിൽ മത്സരിക്കുന്നുണ്ട്. നീരജിനു പുറമേ കിഷോർകുമാർ ജനയും ഇന്ത്യയ്ക്കായി ഇറങ്ങും. വനിതകളിൽ അന്നു റാണിയും മത്സരിക്കുന്നുണ്ട്. പുരുഷവിഭാഗം യോഗ്യതാ റൗണ്ട് 6–ാം തീയതിയാണ്. ഫൈനൽ എട്ടിനും
മലയാളിപ്പൂരം
5 മലയാളികൾ അത്‌ലറ്റിക്സിൽ മത്സരിക്കുന്നുണ്ട്. മൂന്നാമത്തെ ഒളിംപിക്സിന് ഇറങ്ങുന്ന വൈ.മുഹമ്മദ് അനസ് പുരുഷ 4x400 മീറ്റർ റിലേയിൽ മത്സരിക്കും. മിക്സ്ഡ് റിലേയിലും അനസുണ്ടാകും. വി.മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരും റിലേ ടീമിലുണ്ട്. അബ്ദുല്ല അബൂബക്കർ ട്രിപ്പിൾ ജംപിൽ മത്സരിക്കും.
സാബ്‌ലെയും സംഘവും
3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ ഫൈനലിലെത്തുമെന്നാണു പ്രതീക്ഷ. അത്‌ലറ്റിക്സിൽ രണ്ടിനങ്ങളിൽ മത്സരിക്കുന്ന ഒരേയൊരു താരം പാരുൽ ചൗധരിയാണ് (വനിത 5000 മീ, 3000 മീ. സ്റ്റീപ്പിൾചെയ്സ്).