കർഷക കുടുംബത്തിൽ ജനനം, റെയിൽവേ ശമ്പളം കൂട്ടിവച്ച് ആദ്യ റൈഫിൾ; സ്വപ്നിലിന് വെങ്കലത്തിളക്കം

Mail This Article
പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ വെങ്കല മെഡൽ വേട്ട തുടര്‍ന്ന് ഇന്ത്യൻ സംഘം. ഒളിംപിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡലും ഷൂട്ടിങ്ങിൽ നിന്നാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ വെങ്കല മെഡൽ സ്വന്തമാക്കിയതു പുണെ സ്വദേശിയായ 29 വയസ്സുകാരൻ സ്വപ്നിൽ സുരേഷ് കുസാലെ. ചൈനയുടെ ലിയു യുകൂനാണ് ഈയിനത്തിൽ സ്വർണം നേടിയത്. യുക്രെയ്ന്റെ സെര്‍ഹി കുലിഷ് വെള്ളിയും നേടി. ഈയിനത്തിലെ ലോകറെക്കോർഡ് ജേതാവായ ചൈനീസ് താരം പാരിസില്‍ 463.6 പോയിന്റാണു സ്വന്തമാക്കിയത്. ഇന്ത്യൻ താരത്തിനു ലഭിച്ചത് 451.4 പോയിന്റുകൾ.
1995 ൽ പുണെയിലെ കർഷക കുടുംബത്തിലാണ് സ്വപ്നിലിന്റെ ജനനം. മകന്‍ കായിക താരമാകുന്നതു സ്വപ്നം കണ്ട പിതാവ് സുരേഷ് കുസാലെ സ്വപ്നിലിനെ മഹാരാഷ്ട്ര സർക്കാരിന്റെ കൃത പ്രബോധിനി പദ്ധതിയിൽ ചേർത്ത് പഠിപ്പിച്ചു. ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഷൂട്ടിങ്ങിൽ ഒരു ഭാവി കണ്ടെത്താൻ ഇറങ്ങിത്തിരിക്കാൻ സ്വപ്നിലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 2013 ൽ ലക്ഷ്യ സ്പോർട്സിന്റെ സ്പോൺസർഷിപ് താരത്തിനു ലഭിച്ചു. 2015ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണു താരം മെഡൽ വേട്ടയ്ക്കു തുടക്കമിട്ടത്.

ജൂനിയർ തലത്തിൽ 50 മീറ്റർ റൈഫിൾ 3 പ്രോൺ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയ താരം സ്വർണം വെടിവച്ചിട്ടു. തിരുവനന്തപുരത്തു നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണം നേടി. 2015ല്‍ ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കലക്ടറായി ജോലിക്കു ചേർന്ന ആളാണ് സ്വപ്നിൽ. അതിൽനിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ചാണ് താരം ആദ്യമായി ഒരു റൈഫിൾ വാങ്ങുന്നതും. ആറു മാസത്തെ ശമ്പളം കൂട്ടിവച്ച സ്വപ്നിൽ മൂന്നു ലക്ഷം രൂപയോളം വിലയുള്ള റൈഫിൾ സ്വന്തമാക്കി. അതുവരെ താരം ഉപയോഗിച്ചത് മഹാരാഷ്ട്ര സർക്കാർ സമ്മാനിച്ച ഒരു റൈഫിളായിരുന്നു.
കരിയറിന്റെ തുടക്കകാലത്ത് 10 മീറ്റർ എയർ റൈഫിളിൽ മത്സരിച്ചിരുന്ന സ്വപ്നിൽ പിന്നീടാണ് 50 മീറ്റർ 3 പി ഇനത്തിലേക്കു മാറുന്നത്. ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ഗഗൻ നാരംഗിന്റേതു പോലുള്ള വിലയേറിയ തോക്ക് മകനു വാങ്ങിനൽകാൻ ഏറെ ആഗ്രഹിച്ചിരുന്നതായി സ്വപ്നിലിന്റെ പിതാവ് സുരേഷ് കുസാലെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ അവൻ വെങ്കലം നേടിയിരുന്നു. അതിനു ശേഷം ഗഗൻ നാരംഗിന്റേതു പോലുള്ള റൈഫിളിന് എന്തു വില വരുമെന്ന് ഞാൻ അന്വേഷിച്ചിരുന്നു. ഒൻപതു ലക്ഷം രൂപയോളമാണ് അതിന്റെ വില. തുടർന്ന് എന്റെ സമ്പാദ്യവും സ്വപ്നിലിന്റെ വരുമാനവും ഉപയോഗിച്ചാണ് അതു വാങ്ങുന്നത്. റൈഫിളിനു നല്ല വിലയായതിനാൽ, കരിയറിൽ മുന്നോട്ടുപോകാൻ മികച്ച പ്രകടനം നടത്തേണ്ടിവരുമെന്ന് അവനു നന്നായി അറിയാം.’’– സുരേഷ് കുസാലെ പ്രതികരിച്ചു.
2021 ൽ ഡൽഹിയിൽ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ ടീം ഇനത്തിൽ സ്വർണം നേടാൻ താരത്തിനു സാധിച്ചു. 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പില്‍ ടീം ഇനത്തിൽ വെങ്കലം വിജയിച്ചു. ഈ ചാംപ്യന്‍ഷിപ്പിലാണ് സ്വപ്നിൽ 2024 ഒളിംപിക്സിന് യോഗ്യത നേടിയതും. 2022 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ടീമിനത്തിൽ സ്വർണവും വിജയിച്ചു. പാരിസില്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. കൂടുതൽ മെഡലുകൾ വരുമെന്നാണു പ്രതീക്ഷ. റിയോ ഒളിംപിക്സിലും ടോക്കിയോയിലും മെഡൽ വിജയിക്കാൻ ഇന്ത്യൻ ഷൂട്ടർമാർക്കു സാധിച്ചിരുന്നില്ല. ഒളിംപിക്സിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പാരിസിൽ ആ ക്ഷീണം മാറ്റാൻ ഇന്ത്യൻ താരങ്ങള്‍ക്കായി.