ഡയാന, ഓർമയിലെ തങ്കത്തിളക്കം; പാരിസിലെ നിരത്തിൽ ഡയാന രാജകുമാരിയുടെ ജീവൻ പൊലിഞ്ഞിട്ട് 27 വർഷം
Mail This Article
പാരിസിൽ ഐഫൽ ഗോപുരത്തിലേക്കു പോകുന്ന വഴിയിൽ സ്വർണനിറത്തിൽ ഒരു ജ്വാലയുടെ ശിൽപം കാണാം. അതെന്താണെന്നു തിരക്കിയപ്പോൾ ആ വഴി വന്ന ഒരാൾ പറഞ്ഞു: ‘ഡയാന രാജകുമാരി മരിച്ചത് ഇവിടെയാണ്? അതിന്റെ സ്മാരകമാണിത്.’ ഒരുകാലത്ത് ഇംഗ്ലിഷുകാരുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ആകർഷണകേന്ദ്രമായിരുന്നു ഡയാന. വെയ്‌ൽസ് രാജകുമാരിയുടെ സ്വർണത്തലമുടിയും വശ്യത തുളുമ്പുന്ന കണ്ണുകളും വെള്ളിത്തിളക്കമുള്ള പുഞ്ചിരിയും ആരു മറക്കാനാണ്?
ചാൾസ് രാജകുമാരനുമായി പിരിഞ്ഞശേഷം, സുഹൃത്തും ശതകോടീശ്വരനുമായ ഡോഡി അൽ ഫായദിനൊപ്പം പാരിസിൽ സ്വകാര്യസന്ദർശനത്തിനെത്തിയതായിരുന്നു ഡയാന (36). ഐഫലിനു സമീപം ദലൽമ പാലത്തിന് അരികെയുള്ള അടിപ്പാതയിലൂടെ പോകവേ ഇരുവരും സഞ്ചരിച്ച കാർ കോൺക്രീറ്റ് തൂണിൽ ഇടിച്ചുമറിഞ്ഞു. ഡോഡിയും കാർ ഡ്രൈവർ ഹെൻറി പോളും തൽക്ഷണം മരിച്ചു. ഡയാനയുടെ മരണം സംഭവിച്ചത് ആശുപത്രിയിലാണ്.
കാറിലുണ്ടായിരുന്ന ബോഡി ഗാർഡ് ട്രെവർ റീസ് ജോൺസ് മാത്രമാണു രക്ഷപ്പെട്ടത്. ഡ്രൈവർ ഹെൻറി പോൾ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. 1997 ഓഗസ്റ്റ് 30നു പാരിസ് സമയം അർധരാത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേന്നു പുലർച്ചെ 4നു ഡയാനയും മരണത്തിനു കീഴടങ്ങി. അവർ വിടപറഞ്ഞിട്ട് ഈ 31ന് 27 വർഷമാകും.
സംഭവം കഴിഞ്ഞു കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ പാരിസിൽ പലർക്കും സ്വർണജ്വാലയുടെ ശിൽപം ഡയാനയുടെ സ്മാരകമാണ്. എന്നാൽ, വാസ്തവത്തിൽ അതു ഡയാനയുടെ സ്മാരകമല്ല. ‘സ്വാതന്ത്ര്യത്തിന്റെ ജ്വാല’ എന്നറിയപ്പെടുന്ന ഈ നിർമിതി 1989ൽ നിർമിച്ചതാണ്. പാരിസിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ലിഷ് പത്രമായ ഇന്റർനാഷനൽ ഹെറൾഡ് ട്രിബ്യൂൺ ധനസമാഹരണം നടത്തി നിർമിച്ചതാണ് ഈ ‘ജ്വാല.’