‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, ക്ഷമിക്കൂ’; അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Mail This Article
പാരിസ്∙ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകർന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല’’ എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്.
ഒളിംപിക്സിൽനിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് തലവൻ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്. 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തിൽനിന്നു വിലക്കിയത്.
അതേസമയം, സ്വർണപ്പോരാട്ടത്തിന്റെ പടിവാതിൽക്കൽ വച്ച് അയോഗ്യയാക്കപ്പെട്ടിട്ടും സംയമനം കൈവിടാതെയാണ് വിനേഷ് ഫോഗട്ട് പ്രതികരിച്ചതെന്ന് പരിശീലകർ വെളിപ്പെടുത്തിയിരുന്നു. തന്നെ കാണാനെത്തിയ പരിശീലകരോട് വിനേഷ് ഫോഗട്ട് പറഞ്ഞു: ‘‘മെഡൽ നഷ്ടമായത് ദൗർഭാഗ്യം തന്നെ. പക്ഷേ, അത് മത്സരത്തിന്റെ ഭാഗമാണല്ലോ.’’
ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ തന്നെ ആശ്വസിപ്പിക്കാനെത്തിയ ദേശീയ പരിശീലകരായ വീരേന്ദർ ദഹിയയോടും മൻജീത് റാണിയോടുമാണ് വിനേഷ് മനസ്സു തുറന്നത്. സംഭവം ഇന്ത്യയുടെ ഗുസ്തി സംഘത്തെ ഉലച്ചുകളഞ്ഞെന്ന് ദഹിയ പറഞ്ഞു. സംഘത്തിലെ പെൺകുട്ടികളാകെ തകർന്നു പോയി. വിനേഷിനെ കണ്ട് ആശ്വസിപ്പിക്കാനാണ് ഞങ്ങൾ പോയത്. അപ്പോഴാണ് വിനേഷ് ഉൾക്കരുത്തു ചോരാതെ ഇങ്ങനെ പറഞ്ഞതെന്നും ദഹിയ വെളിപ്പെടുത്തി.
∙ വിനേഷ് ഫോഗട്ട്
ഇന്ത്യൻ ഗുസ്തി പാരമ്പര്യത്തിൽ ശ്രദ്ധേയമായ ഫോഗട്ട് കുടുംബത്തിൽ നിന്നാണ് വിനേഷും വരുന്നത്. മഹാവീർ സിങ് ഫോഗട്ടിന്റെ സഹോദരൻ രാജ്പാൽ ഫോഗട്ടിന്റെ മകളാണ് വിനേഷ്. ദംഗൽ എന്ന ചിത്രത്തിൽ ആമിർ ഖാനാണ് മഹാവീർ സിങ് ഫോഗട്ടിന്റെ വേഷം ചെയ്തത്. മക്കളായ ഗീത, ബബിത എന്നിവർക്കൊപ്പം വിനേഷിനെയും ചെറുപ്പം മുതൽ പരിശീലിപ്പിച്ചത് മഹാവീർ സിങ്ങാണ്.