കുറഞ്ഞില്ല ശരീരഭാരം; 53 കിലോഗ്രാം ഭാരവിഭാഗത്തിൽനിന്ന് വിനേഷ് 50 കിലോഗ്രാമിലേക്ക് മാറാൻ കാരണമെന്ത്?
Mail This Article
ന്യൂഡൽഹി ∙ ഏതാനും വർഷങ്ങളായി 53 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് തന്റെ ഒളിംപിക് സ്വപ്നങ്ങൾ നിലനിർത്താൻ വേണ്ടിയാണു 50 കിലോയിലേക്ക് അപ്രതീക്ഷിതമായി മാറുന്നത്; ഏകദേശം 5 മാസം മുൻപ്. മാർച്ചിൽ പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ് സിലക്‌ഷൻ ട്രയൽസിലാണ് 53 കിലോയ്ക്കു പുറമേ 50 കിലോ വിഭാഗത്തിലും മത്സരിക്കാൻ വിനേഷ് ഫോഗട്ട് തീരുമാനിക്കുന്നത്. അന്റിം പംഘാൽ 53 കിലോ വിഭാഗത്തിൽ യോഗ്യത നേടിയ സാഹചര്യത്തിൽക്കൂടിയായിരുന്നു ആ നീക്കം.
ഒരു വിഭാഗത്തിൽ ഒരാളെ മാത്രം ഒളിംപിക്സിന് അയച്ചാൽ മതിയെന്നായിരുന്നു ദേശീയ റെസ്‌ലിങ് ഫെഡറേഷൻ തീരുമാനം. 5 വർഷത്തിനു ശേഷമായിരുന്നു ഏറ്റവും കുറഞ്ഞ ശരീരഭാര ഇനത്തിൽ വിനേഷ് മത്സരിച്ചത്. പിന്നീട് ഏപ്രിലിൽ കിർഗിസ്ഥാനിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വിജയിച്ച്, പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഉറപ്പാക്കി.
2022 സെപ്റ്റംബറിനു ശേഷമുള്ള വിനേഷിന്റെ ആദ്യ രാജ്യാന്തര മത്സരം കൂടിയായിരുന്നു അത്. ദേശീയ ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരങ്ങളിൽ സജീവമായിരുന്ന വിനേഷിന്റെ മത്സരരംഗത്തേക്കുള്ള തിരിച്ചു വരവ് ഏറെ ശ്രമകരമായിരുന്നു.
സമരകോലാഹലങ്ങൾക്കു ശേഷം കഴിഞ്ഞ ഡിസംബറിൽ റെസ്‌ലിങ് മാറ്റിലേക്കു വിനേഷ് ഫോഗട്ട് തിരിച്ചെത്തുമ്പോൾ 59 കിലോയായിരുന്നു ഭാരം. ‘പരുക്കു വീണ്ടും വരുമോ എന്ന ആശങ്കയുണ്ടായി. പക്ഷേ, എനിക്കിതൊരു ജീവൻമരണപോരാട്ടമായിരുന്നു. നല്ല ആരോഗ്യത്തോടെ വീട്ടിലിരുന്നു ടിവിയിൽ ഒളിംപിക്സ് മത്സരങ്ങൾ കാണുന്നതിനെക്കാൾ ഈ റിസ്ക് എടുക്കാൻ തന്നെയായിരുന്നു തീരുമാനം’–വിനേഷ് അന്നു പറഞ്ഞു.
2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയാണു രാജ്യാന്തര തലത്തിൽ വിനേഷ് ശ്രദ്ധാകേന്ദ്രമാകുന്നത്. 2016 റിയോ ഒളിംപിക്സിൽ ക്വാർട്ടറിൽ 48 കിലോ വിഭാഗത്തിൽ മത്സരിച്ചെങ്കിലും കാൽമുട്ടിനു പരുക്കേറ്റു മടക്കം. ഒളിംപിക് വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതോടെയാണു 2019ൽ 53 കിലോയിലേക്കു ചുവടുമാറ്റുന്നത്. 2021ൽ കൈമുട്ടിന്റെ കുഴയ്ക്കു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയയായി. കഴിഞ്ഞ വർഷം ജൂണിലും സമാനമായ ശസ്ത്രക്രിയ. നിരാശ നൽകിയ 2 ഒളിംപിക്സുകൾക്കു ശേഷം പാരിസിൽ വിനേഷ് ഉയിർത്തെഴുന്നേൽക്കുന്നതു സ്വപ്നം കണ്ടവർ 100 ഗ്രാം ഭാരത്തിൽ തട്ടി വേദനിക്കുകയാണ്.