ഖന്ദ്ര ഗ്രാമത്തിന്റെ സുവർണകുമാരൻ, നീരജ് ചോപ്ര: ഇന്ത്യയുടെ ഒളിംപിക് ഇതിഹാസം
Mail This Article
ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ഖന്ദ്ര ഗ്രാമത്തിൽ പിറന്ന നീരജ് ലോക കായികോത്സവത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി വളർന്നത് കഠിനാധ്വാനത്തിലൂടെ. കർഷകനായ സതീഷ്കുമാർ ചോപ്രയുടെയും സരോജ് ദേവിയുടെയും മകനായി 1997 ഡിസംബർ 24നാണ് ജനനം. 19 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിന്റെ സ്നേഹവാത്സല്യം അനുഭവിച്ച നീരജിന് ബാല്യത്തിൽ വണ്ണം കൂടുതലായിരുന്നു.
നീരജിന്റെ തടി കുറയ്ക്കാനായി ഓട്ടം പരിശീലിപ്പിക്കാൻ പിതാവ് സതീഷ്കുമാർ തീരുമാനിച്ചു. ഗ്രാമത്തിൽനിന്നു 15 കിലോമീറ്റർ അകലെ പാനിപ്പത്ത് ശിവാജി സ്റ്റേഡിയത്തിൽ ഓടാൻ പോകാൻ നീരജ് സമ്മതിച്ചു. പക്ഷേ, ഓട്ടത്തിലൊന്നും നീരജ് താൽപര്യം കാണിച്ചില്ല. ഇതിനിടെ, സ്റ്റേഡിയത്തിൽ ചിലർ ജാവലിൻ എറിയുന്നതു കണ്ടപ്പോൾ ഇഷ്ടം തോന്നി. 10 ദിവസത്തിനകം 40–45 മീറ്ററൊക്കെ എറിയാൻ തുടങ്ങി. പക്ഷേ, ജാവലിൻ ത്രോ എന്നൊരു കായിക ഇനം ഉണ്ടെന്ന് വീട്ടിലാർക്കും അറിയുമായിരുന്നില്ല ഇക്കാലത്ത്.
ജാവലിൻ ത്രോ താരവും പട്യാല എൻഐഎസ് കോച്ചുമായ ജയ്‌വീറിനെ കണ്ടുമുട്ടിയതാണു ജീവിതത്തിലെ വഴിത്തിരിവ്. 14–ാം വയസ്സിൽ പാഞ്ച്കുലയിലെ താവു ദേവിലാൽ സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. 2012ൽ ലക്നൗവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. 68.46 മീറ്റർ എറിഞ്ഞു ദേശീയ റെക്കോർഡ് തിരുത്തി.
2015ൽ ദേശീയ ക്യാംപിലേക്കു ക്ഷണം ലഭിച്ചതു വഴിത്തിരിവായി. അടുത്ത വർഷം പോളണ്ടിൽ നടന്ന ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോർഡും കുറിച്ചു. പിന്നീടു തിരിഞ്ഞുനോക്കിയിട്ടില്ല. 2016ൽ ദക്ഷിണേഷ്യൻ ഗെയിംസിലും 2017ൽ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലും സ്വർണം നേടി.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും പുറത്തെടുത്ത മികവാണു രാജ്യാന്തരതലത്തിൽ നീരജിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയത്. ഒളിംപിക്സിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായി വളർന്നതും ഈ രണ്ടു ഗെയിംസുകളിലെ സ്വർണമെഡൽ നേട്ടങ്ങളെത്തുടർന്നാണ്.
കൈമുട്ടിനു പരുക്കേറ്റതിനെത്തുടർന്നു ശസ്ത്രക്രിയ വേണ്ടിവന്നതോടെ 2019ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും പങ്കെടുക്കാനായില്ല. 2020ൽ കോവിഡിനെത്തുടർന്ന് പരിശീലനവും മുടങ്ങി.
2021ൽ ശക്തമായ തിരിച്ചുവരവാണു താരം നടത്തിയത്. പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രിയിൽ 88.08 മീറ്റർ എറിഞ്ഞു പുതിയ ദേശീയ റെക്കോർഡും സൃഷ്ടിച്ചു. ടോക്കിയോ ഒളിംപിക്സിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണമെഡൽ നേടി.
ടോക്കിയോ ഒളിംപിക്സിനു ശേഷം 2002 ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടി. അതേ വർഷം ഡയമണ്ട് ലീഗിൽ ജേതാവായിരുന്നു. 2023ലെ ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയെങ്കിലും 2023 ഡയമണ്ട് ലീഗിൽ റണ്ണറപ്പായി.
ഇക്കുറി യോഗ്യതാ മത്സരത്തിലെ മികവു കണ്ട് നീരജ് സ്വർണം നിലനിർത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഫൈനലിൽ 5 ത്രോകൾ ഫൗളായതോടെ നേട്ടം വെള്ളിയിലൊതുങ്ങി.