ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി;പത്താം ഊഴത്തിൽ നീരജിനെ മറികടന്ന് അർഷാദ് നദീം
Mail This Article
പാരിസ് ∙ രണ്ടാം ഒളിംപിക് സ്വർണമെന്ന സ്വപ്നം നഷ്ടമായെങ്കിലും വിശ്വകായിക വേദിയിൽ ഇന്ത്യയുടെ പതാക പാറിപ്പറത്തി നീരജ ചോപ്ര. മികച്ച ഫോം കണ്ടെത്താനാകാതെ പോയ ദിനത്തിൽ പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യത്തെ വെള്ളി നീരജ് സ്വന്തം പേരിൽ കുറിച്ചു. നീരജിന്റെ വെള്ളിദൂരം 89.45 മീറ്ററാണ്.
ഇതുവരെ ഏറ്റുമുട്ടിയ 9 അങ്കങ്ങളിലും തന്നെ തോൽപിച്ച നീരജിനെതിരെ പാക്കിസ്ഥാന്റെ അർഷാദ് നദീം ഒളിംപിക് റെക്കോർഡ് തിരുത്തിയ ത്രോയിലൂടെ സ്വർണം നേടി മധുരപ്രതികാരം വീട്ടി. 92.97 മീറ്റർ എറിഞ്ഞാണ് അർഷാദ് സ്വർണമണിഞ്ഞത്.
ഒളിംപിക്സ് ചരിത്രത്തിൽ പാക്കിസ്ഥാന്റെ ആദ്യ വ്യക്തിഗത സ്വർണവും ഈ ഒളിംപിക്സിൽ പാക്കിസ്ഥാന്റെ ആദ്യ മെഡലുമാണിത്. മുൻ ലോക ചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് വെങ്കലം നേടി (88.54 മീ).
അർഷാദ് ദ് സ്റ്റാർ
അർഷാദിന്റെയും നീരജിന്റെയും ആദ്യശ്രമങ്ങൾ ഫൗളായി. എന്നാൽ, 2–ാം ശ്രമത്തിൽ 92.97 മീറ്റർ ദൂരത്തേക്കു ജാവലിൻ പായിച്ചാണ് അർഷാദ് സ്വർണം നേടിയത്. അവസാന ശ്രമത്തിലും അർഷാദിന്റെ ജാവലിൻ 90 മീറ്ററിനപ്പുറത്തേക്കു പോയി. പിന്നിട്ടത് 91.79 മീറ്റർ.
നോർവേയുടെ ആൻഡ്രിയാസ് തോഡ്കിൽസന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (90.57 മീ) അർഷാദ് തിരുത്തിയത്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയപ്പോൾ കണ്ടെത്തിയ 90.18 മീറ്ററായിരുന്നു അർഷാദിന്റെ ഇതുവരെയുള്ള മികച്ച ദൂരം. ആ ഗെയിംസിൽ നീരജ് മത്സരിച്ചിരുന്നില്ല.
ഫൗളിൽ മുങ്ങി നീരജ്
പാരിസിൽ ഇന്ത്യയുടെ മെഡൽനേട്ടം അഞ്ചിലേക്ക് ഉയർത്തിയാണു നീരജ് ജാവലിനിൽ വെള്ളി നേടിയത്. ഫൈനലിൽ നീരജിന്റെ ആറിൽ അഞ്ചു ശ്രമങ്ങളും ഫൗളായി. രണ്ടാമത്തെ ത്രോയിലാണു വെള്ളി കണ്ടെത്തിയ ദൂരം (89.45 മീറ്റർ). ഫൈനലിൽ എട്ടാമനായാണു നീരജ് ത്രോ ചെയ്യാനിറങ്ങിയത്. അർഷാദ് നാലാമനായിരുന്നു.
രണ്ടാം ശ്രമത്തിൽ അർഷാദ് 90നു മുകളിലേക്കു ജാവലിൻ പായിച്ചതോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ മങ്ങി. തന്റെ രണ്ടാമത്തെ ത്രോയിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനം നീരജ് നടത്തിയെങ്കിലും പിന്നീടുള്ള ശ്രമങ്ങളെല്ലാം ഫൗളായതോടെ വെള്ളിയിൽ ഒതുങ്ങി.
പത്താം ഊഴത്തിൽ നീരജിനെ മറികടന്ന് അർഷാദ് നദീം
നേർക്കുനേർ പോരാട്ടത്തിലെ തുടർ തോൽവികളുടെ നിരാശ മറന്ന് പത്താം ഊഴത്തിൽ അർഷാദ് നദീം നീരജ് ചോപ്രയെ മറികടന്നു. 2016ലെ ലോക ജൂനിയർ അത്‍ലറ്റിക്സ് ചാംപ്യൻഷിപ് മുതൽ ലോകവേദിയിൽ പരസ്പരം മത്സരിക്കുന്ന നീരജും അർഷാദും തമ്മിലുള്ള 10–ാം മത്സരമായിരുന്നു ഇന്നലെ പാരിസിൽ നടന്നത്.
കഴിഞ്ഞ 9 തവണയും ജാവലിൻത്രോ പ്രകടനങ്ങളിൽ അർഷാദിനെ നീരജ് പിന്നിലാക്കിയിരുന്നു. കഴിഞ്ഞവർഷത്തെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നീരജ് സ്വർണം നേടിയപ്പോൾ അർഷാദിനായിരുന്നു വെള്ളി.
ഒളിംപിക് അത്‌ലറ്റിക്സിൽ ഇന്ത്യ
ഒളിംപിക് അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാം മെഡലാണു നീരജിന്റേത്. ആദ്യ മെഡലും നീരജിന്റെ പേരിൽത്തന്നെ. 2021 ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം. ഒളിംപിക് അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നോർമൻ പ്രിച്ചഡിന്റേതാണ് – 1900ലെ പാരിസ് ഒളിംപിക്സിൽ 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി.
പിന്നീടുള്ള മികച്ച നേട്ടങ്ങൾ: മിൽഖ സിങ് (1960ലെ റോം ഒളിംപിക്സിൽ 400 മീറ്ററിൽ 4–ാം സ്ഥാനം), പി.ടി.ഉഷ (1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ 4–ാം സ്ഥാനം)