മൂന്ന് വർഷത്തിനിടെ നീരജിന്റെ പുരോഗതി 1.87 മീറ്റർ, അർഷാദിന്റേത് 6 മീറ്റർ; ഇനിയുമുണ്ട് ദൂരം!
Mail This Article
2021 ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോ ചാംപ്യനാകുമ്പോൾ 88.07 മീറ്ററായിരുന്നു നീരജ് ചോപ്രയുടെ കരിയറിലെ മികച്ച പ്രകടനം. അതേ ഒളിംപിക്സിൽ അഞ്ചാംസ്ഥാനവുമായി മടങ്ങുമ്പോൾ അർഷാദ് നദീമിന്റെ കരിയർ ബെസ്റ്റ് 86.62 മീറ്ററും. 3 വർഷത്തിനുള്ളിൽ വ്യക്തിഗത പ്രകടനത്തിൽ 6 മീറ്ററിലധികം വളർച്ചയുമായി അർഷാദ് ഒളിംപിക്സ് സ്വർണം നേടിയപ്പോൾ ടോക്കിയോയ്ക്കും പാരിസിനുമിടയിൽ നീരജിന്റെ മികവിലുണ്ടായത് 1.87 മീറ്ററിന്റെ വളർച്ച മാത്രം.
തുടർച്ചയായ 2 ഒളിംപിക്സ് മെഡലുകൾ, നിലവിലെ ലോക ചാംപ്യൻ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണ നേട്ടങ്ങൾ... വിസ്മയ നേട്ടങ്ങളുടെ പൊൻകവചമുള്ള നീരജിന്റെ ജാവലിന് ഇനിയും കീഴടക്കാനാകാത്ത സ്വപ്ന ദൂരമായി 90 മീറ്ററെന്ന മാന്ത്രിക സംഖ്യ തുടരുകയാണ്.
പുരുഷ ജാവലിൻത്രോയിൽ ഇതുവരെ 24 പേർ 90 മീറ്റർ കടമ്പ പിന്നിട്ടിട്ടുണ്ട്. അവരിൽ 5 പേർ ഈ നേട്ടം കൈവരിച്ചത് നീരജിന്റെ സുവർണ കാലഘട്ടത്തിലാണ്. എന്നാൽ 2 വർഷം മുൻപ് സ്റ്റോക്കോം ഡയമണ്ട് ലീഗിൽ പിന്നിട്ട 89.94 മീറ്ററിന് അപ്പുറത്തേക്കു നീങ്ങാൻ നീരജിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞവർഷത്തെ ലോക ചാംപ്യൻഷിപ്പിൽ 35 സെന്റിമീറ്റർ മാത്രം വ്യത്യാസത്തിൽ നീരജിന് പിന്നിൽ വെള്ളി നേടിയ അർഷാദ് പാരിസിൽ ഇന്ത്യൻ സൂപ്പർതാരത്തെ പിന്തള്ളിയത് 3.52 മീറ്റർ വ്യത്യാസത്തിലാണ്.
∙ 90 മീറ്റർ സമ്മർദം
കരിയറിൽ പിടിതരാതെ നിൽക്കുന്ന 90 മീറ്റർ, എതിരാളികൾ അനായാസം പിന്നിടുന്നത് മത്സരവേദികളിൽ നീരജിനെ സമ്മർദത്തിലാക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ ഫൈനലിൽ രണ്ടാം ത്രോയിൽ 92.97 മീറ്റർ പിന്നിട്ട് അർഷാദ് കൂറ്റൻ ലീഡെടുത്തതോടെ നീരജിന്റെ താളം തെറ്റി. പതിവ് ശാന്തത കൈവിട്ട് മുഖത്ത് നിരാശ നിറയുന്നതും മത്സരത്തിനിടെ കണ്ടു.
സെക്ടറിന്റെ എൻഡിൽ നിന്നുള്ള ത്രോയിലൂടെ കൂടുതൽ ദൂരം കീഴടക്കാനുള്ള നീരജിന്റെ ശ്രമങ്ങളാണ് 5 ഫൗളുകളിൽ കലാശിച്ചത്. 2022 ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നീരജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സും ഫൈനലിൽ 3 തവണ 90 മീറ്റർ ദൂരം പിന്നിട്ടിരുന്നു. പീറ്റേഴ്സിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ അന്നു നീരജിന്റെ ത്രോകളിൽ 3 എണ്ണം ഫൗളാവുകയും ചെയ്തു.
ജാവലിൻത്രോയെന്ന മത്സരയിനം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു പാരിസിലെ വാശിയേറിയ ഫൈനൽ പോരാട്ടം. മത്സരിച്ച 12 പേരിൽ ആദ്യ 6 പേരും 87 മീറ്റർ പിന്നിട്ടതോടെ ഫൈനലിലെ മത്സരക്കടുപ്പം വർധിച്ചു. ടോക്കിയോയിൽ നീരജിന്റെ സ്വർണദൂരമായിരുന്ന 87.58 മീറ്ററിന് അപ്പുറത്തേക്ക് പാരിസിലെ ആദ്യ 5 സ്ഥാനക്കാർ ജാവലിൻ എറിഞ്ഞു.