ADVERTISEMENT

ലോകത്തിന്റെ കണ്ണും മനവും നിറച്ച ആഘോഷനാളുകൾക്കു വിട. കണ്ണീരും കിനാവും ആഹ്ലാദവും ആവേശവും നിറഞ്ഞ ത്രില്ലർ സിനിമ പോലെ ലോകം ആസ്വദിച്ച മഹാമേളയ്ക്കു ശുഭപര്യവസാനം. പാരിസ് ഒളിംപിക്സിനു കൊടി താഴ്ന്നു. 

നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിൽ ലോകം പാരിസിനോടു യാത്ര പറ‍ഞ്ഞു: ‘ഓ റെവ്‌അ’  (ഫ്രഞ്ച് ഭാഷയിൽ ഗുഡ്ബൈ). ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച സമാപനച്ചടങ്ങുകൾ 3 മണിക്കൂറിലേറെ നീണ്ടു. 

ഒളിംപിക്സിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്കു വേദിയായതും ഇതേ സ്റ്റേഡിയമാണ്. സെയ്ൻ നദിക്കരയിൽ ഉദ്ഘാടനച്ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിച്ച പാരിസിലെ സംഘാടകർ സമാപനച്ചടങ്ങിൽ സ്റ്റേഡിയത്തിനുള്ളിലെ വർണ വിസ്മയങ്ങളുമായി കാണികളെ  വിരുന്നൂട്ടി. 

ഫ്രാൻസിന്റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതുന്ന കലാപരിപാടികളും സമാപനച്ചടങ്ങിന്റെ ഭാഗമായി. മത്സരാർഥികൾക്കും കാണികൾക്കും സഹായമൊരുക്കി ഒളിംപിക്സ് വേദികളിൽ നിറഞ്ഞുനിന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള 45,000 വൊളന്റിയർമാരെ ചടങ്ങിൽ അനുമോദിച്ചു.

സമാപനച്ചടങ്ങിനൊടുവിൽ പതാക കൈമാറൽ നടന്നു. 2028ൽ, അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാകയും ദീപശിഖയും ഏറ്റുവാങ്ങി.

സിഫാൻ ഓടി, 62.2 കിലോമീറ്റർ!; വിവിധ മത്സരങ്ങളിലായി ഡച്ച് താരം സിഫാൻ ഹസൻ ഓടിത്തീർത്തത് 62.2 കിലോമീറ്റർ

പാരിസ്∙ 3 മത്സരങ്ങൾ, ഒരു സ്വർണമടക്കം 3 മെഡലുകൾ, ആകെ ഓടിയത് 62.2 കിലോമീറ്റർ ! പാരിസ് ഒളിംപിക്സിൽ നെതർലൻഡ്സ് താരം സിഫാൻ ഹസൻ ഓടിത്തീർത്തത് റെക്കോർഡുകളുടെ ‘മാരത്തൺ ആണ്’. വനിതകളുടെ 5000 മീറ്റർ, 10000 മീറ്റർ, മാരത്തൺ മത്സരങ്ങളിലാണ് മുപ്പത്തിയൊന്നുകാരി സിഫാൻ ഇത്തവണ മത്സരിച്ചത്. ഇതിൽ ആദ്യ രണ്ടു മത്സരങ്ങളിലും വെങ്കലം നേടിയപ്പോൾ മാരത്തണിൽ ഒളിംപിക് റെക്കോർഡോടെ (2 മണിക്കൂർ, 22 മിനിറ്റ്, 55 സെക്കൻഡ്) സ്വർണം നേടി. 3 മത്സരങ്ങളിലും (ഹീറ്റ്സ് അടക്കം) സിഫാൻ പാരിസിൽ ഓടിയ ആകെ ദൂരം 62.2 കിലോമീറ്ററാണ്. ഇത്യോപ്യൻ വംശജയായ സിഫാൻ, കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ 1500 മീറ്ററിൽ വെങ്കലവും 5000 മീറ്റർ, 10000 മീറ്റർ മത്സരങ്ങളിൽ സ്വർണവും നേടിയിരുന്നു. 

കിപ്യേഗന് ഹാട്രിക് !; 1500 മീറ്ററിൽ  മൂന്നാം സ്വർണം

പാരിസ് ∙  വനിതകളുടെ 1500 മീറ്ററിൽ മൂന്നാം ഒളിംപിക്സ് സ്വർണം നേടി  കെനിയയുടെ ഫെയ്ത് കിപ്യേഗൻ.  തന്റെ ഇതിഹാസ കരിയറിന്റെ മാറ്റുകൂട്ടിയത്. നിലവിലെ ലോക റെക്കോർഡ് ജേതാവായ കിപ്യേഗൻ പുതിയ ഒളിംപിക് റെക്കോർഡും കുറിച്ചാണ് ഇന്നലെ ഫിനിഷ് ചെയ്തത് (3.51.29 മിനിറ്റ്). ഒരു ട്രാക്ക് ഇനത്തിൽ 3 ഒളിംപിക്സ് സ്വർണം നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ മുപ്പതുകാരിയായ കിപ്യേഗന്റെ പേരിലായി. 

ഐ ആം ദ സോറി..!; ഒരു മെഡലുമില്ലാതെ നൈജീരിയ: മാപ്പു പറഞ്ഞ് കായികമന്ത്രി

പാരിസ്∙ ഒളിംപിക്സിൽ ഒരു മെഡൽ പോലും ലഭിക്കാതെ വന്നതോടെ രാജ്യത്തെ ജനങ്ങളോട് മാപ്പു പറഞ്ഞ് നൈജീരിയൻ കായികമന്ത്രി ജോൺ ഇനോ. 12 ബില്യൻ നൈജീരിയൻ നയ്റയാണ് (ഏകദേശം 65 കോടി രൂപ) ഇത്തവണത്തെ ഒളിംപിക്സ് ഒരുക്കങ്ങളായി നൈജീരിയൻ സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ പാരിസിൽ നിന്ന് ഒരു മെഡൽ പോലും നേടാൻ നൈജീരിയൻ സംഘത്തിനു സാധിച്ചില്ല. ‘രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരാൻ നമ്മുടെ അത്‌ലീറ്റുകൾക്ക് സാധിച്ചില്ല. ഒളിംപിക്സിലെ ദയനീയ പ്രകടനത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കും. തെറ്റുകൾ തിരുത്തും. ഒളിംപിക്സിലെ മോശം പ്രകടനത്തിന്റെ പേരിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു’– ഇനോ പറഞ്ഞു.

ഗോൾഡൻ ഫാമിലി !; ഒളിംപിക്സ് ഹോക്കിയിൽ സ്വർണം നേടിയ നെതർലൻഡ്സ് ടീമിൽ അച്ഛനും മകനും

പാരിസ്∙ ഒളിംപിക്സിൽ സ്വർണം നേടിയ പുരുഷ, വനിതാ ഹോക്കി ടീമുകളുടെ ഭാഗമായി ഒരു അച്ഛനും മകനും. നെതർലൻഡ്സ് വനിതാ ഹോക്കി ടീമിന്റെ പരിശീലകനായ പോൾ വാനസും പുരുഷ ഹോക്കി ടീം അംഗമായ മകൻ സീവ് വാനസുമാണ് പാരിസിലെ ‘ഗോൾഡൻ ഫാമിലി’. 2022 മുതൽ നെതർലൻഡ്സ് വനിതാ ടീമിന്റെ പരിശീലകനാണ് പോൾ. മകൻ സീവ് 2011 മുതൽ ദേശീയ ടീമിന്റെ ഭാഗമാണ്. 

ദേ,മെ‍ഡൽ പോയി..!:  കണക്ക് കൂട്ടിയതിൽ തെറ്റ്; യുഎസ് താരത്തിന് മെഡൽ നഷ്ടമായി

പാരിസ്∙ മാർക്ക് കൂട്ടുന്നതിൽ സംഘാടകർ വരുത്തിയ പിഴവിനെത്തുടർന്ന് യുഎസ്എയുടെ വനിതാ ജിംനാസ്റ്റിക്സ് താരം ജോർദാൻ ചിലെസിന് ഫ്ലോർ എക്സർസൈസ് വിഭാഗത്തിൽ ലഭിച്ച വെങ്കല മെഡൽ നഷ്ടമായി. മത്സരം കഴിഞ്ഞപ്പോൾ ചിലെസ് നാലാം സ്ഥാനത്തായിരുന്നു. അവസാന സെക്കൻഡിലെ പോയിന്റ് പരിഗണിച്ചില്ലെന്ന് കാണിച്ച് യുഎസ്എ ടീം നൽകിയ റിവ്യൂവിന് ശേഷം .1 പോയിന്റ് കൂടി ചിലെസിന് ലഭിച്ചു. ഇതോടെ, ചിലെസ് മൂന്നാമതെത്തി. എന്നാൽ ഈ നടപടി ചോദ്യം ചെയ്ത് റുമാനിയൻ ഫെഡറേഷൻ രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ നൽകി. കോടതിയുടെ പരിശോധനയിൽ നിശ്ചിത സമയത്തിനു ശേഷം നടത്തിയ പ്രകടനത്തിനാണ് ചിലെസിന് .1 പോയിന്റ് നൽകിയതെന്നു കണ്ടെത്തി. ഇതോടെയാണ് വെങ്കലം തിരിച്ചെടുത്തത്. 

English Summary:

Paris Olympics come to an end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com