ലോകം കീഴടക്കിയവർ; പാരിസ് ഒളിംപിക്സിലെ റെക്കോർഡ് പ്രകടനങ്ങൾ ഇതാ...
Mail This Article
ലോകരാജ്യങ്ങളിലെ അത്‌ലീറ്റുകളുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾക്കാണു പാരിസ് ഒളിംപിക്സ് സാക്ഷ്യം വഹിച്ചത്. ലോകം എക്കാലവും ഓർക്കാൻ പോകുന്ന ആ റെക്കോർഡ് പ്രകടനങ്ങളിലൂടെ...
തീപ്പൊരി ട്രാക്ക്,ഫീൽഡ്
400 മീറ്റർ ഹർഡിൽസിൽ തന്റെതന്നെ പേരിലുണ്ടായിരുന്ന ലോക റെക്കോർഡ് യുഎസിന്റെ സിഡ്നി മക്‌ലാഫ്‌ലിൻ പുതുക്കി (50.37 സെക്കൻഡ്). വനിതാ 400 മീറ്ററിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മരിലെയ്ദി പൗളിനോ ഒളിംപിക് റെക്കോർഡിട്ടു (48.17 സെക്കൻഡ്).
പുരുഷ മിക്സ്ഡ് റിലേയിൽ ഒളിംപിക് റെക്കോർഡിട്ട് യുഎസ് ടീമും തിളങ്ങി. എല്യൂദ് കിപ്ചോഗിയെ അപ്രസക്തനാക്കി പുരുഷ മാരത്തണിൽ ഇത്യോപ്യയുടെ തമിരത് ടോല മാരത്തണിൽ ഒളിംപിക് റെക്കോർഡ് തിരുത്തി (2:06.26). പുരുഷൻമാരുടെ 10,000 മീറ്ററിൽ യുഗാൻഡയുടെ ജോഷ്വ ചെപ്റ്റഗെയ് ഇത്യോപ്യയുടെ കെനനിസ ബെക്കലെയുടെ പേരിലുണ്ടായിരുന്ന ഒളിംപിക് റെക്കോർഡ് തിരുത്തി. പുതിയ സമയം: 26:43.14. പോൾവോൾട്ടിൽ സ്വന്തം ലോക റെക്കോർഡ് 9–ാം തവണയും സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലന്റിസ് പുതുക്കി (6.25 മീറ്റർ). പുരുഷ ഡിസ്കസ് ത്രോയിൽ ജമൈക്കയുടെ റോജെ സ്റ്റോന 70 മീറ്റർ കണ്ടെത്തി ഒളിംപിക് റെക്കോർഡിട്ടു.
ഇനിയുമേറെ
വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ 89 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയുടെ കാർലോസ് നാസർ 404 കിലോ ഉയർത്തി ലോക റെക്കോർഡിട്ടു. സ്പോർട്സ് ക്ലൈംബിങ്ങിൽ പോളണ്ടിന്റെ അലക്സാന്ദ്ര മിറോസ്ലോ 6.06 സെക്കൻഡിൽ (സ്പീഡ് ക്ലൈംബിങ്) സ്വന്തം ലോക റെക്കോർഡ് പുതുക്കി. ഷൂട്ടിങ്, അമ്പെയ്ത്ത്, സൈക്ലിങ് എന്നിവയിലും ഒട്ടേറെ റെക്കോർഡുകൾ പിറന്നു.
പുതിയ ഫെൽപ്സ്
ഫ്രാൻസിന്റെ ഇരുപത്തിരണ്ടുകാരൻ ലിയോ മർഷോൻ, മത്സരിച്ച നാലിനങ്ങളിലും ഒളിംപിക് റെക്കോർഡോടെ സ്വർണം നേടി നീന്തലിൽ മിന്നുംതാരമായി. 200 മീറ്റർ, 400 മീറ്റർ വ്യക്തിഗത മെഡ്‌ലേകളിൽ മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡാണു ലിയോ തകർത്തത്. യുഎസിന്റെ കെയ്‌റ്റി ലെഡക്കി 1500 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ സ്വന്തം പേരിലുണ്ടായിരുന്ന റെക്കോർഡ് പുതുക്കി (15:35.35).