നീരജ് ചോപ്രയും മനു ഭാകറും വിവാഹിതരാകുമോ? പ്രതികരണവുമായി മനുവിന്റെ പിതാവ്
Mail This Article
പാരിസ്∙ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായ നീരജ് ചോപ്രയും മനു ഭാകറും വിവാഹിതരാകാൻ പോകുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി മനു ഭാകറിന്റെ പിതാവ്. ജാവലിൻ ത്രോയിൽ നീരജ് വെള്ളി മെഡൽ നേടിയിരുന്നു. ഷൂട്ടിങ്ങിൽ രണ്ടിനങ്ങളിൽ വെങ്കലം നേടാൻ മനു ഭാകറിനു സാധിച്ചു. ഇതിനു പിന്നാലെയാണ് നീരജും മനു ഭാകറും സംസാരിച്ചുനിൽക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മനു ഭാകറിന്റെ അമ്മ നീരജുമായി സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഇതോടെ ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. ചർച്ചകൾ വ്യാപകമായതോടെ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മനു ഭാകറിന്റെ പിതാവ് രാം കിഷൻ. ‘‘മനു വളരെ ചെറുപ്പമാണ്. അവൾക്കു വിവാഹപ്രായം പോലും ആയിട്ടില്ല. അതിനെക്കുറിച്ചൊന്നും ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല.’’– മനു ഭാകറിന്റെ പിതാവ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
മനു ഭാകറിന്റെ അമ്മ നീരജ് ചോപ്രയെ മകനെപ്പോലെയാണു കാണുന്നതെന്നും രാം കിഷൻ പറഞ്ഞു. ആ ബന്ധവും സ്നേഹവുമാണ് ഇരുവരും കാണിക്കുന്നതെന്നും മനു ഭാകറിന്റെ അച്ഛൻ വ്യക്തമാക്കി. നീരജ് മെഡൽ നേടിയപ്പോൾ രാജ്യം മുഴുവൻ അറിഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വിവാഹക്കാര്യവും രാജ്യം അറിയുമെന്നായിരുന്നു ചോപ്രയുടെ കുടുംബത്തിന്റെ പ്രതികരണം. 22 വയസ്സുകാരിയായ മനു ഭാകർ ഹരിയാനയിലെ ജജ്ജർ സ്വദേശിയാണ്. നീരജ് ചോപ്ര ഹരിയാനയിലെ പാനിപ്പത്തിൽനിന്നുള്ള താരമാണ്.