ADVERTISEMENT

തേഞ്ഞിപ്പലം (മലപ്പുറം) ∙ ‘ഒളിംപ്യന്മാരുടെ സ്രഷ്ടാവ്’ എന്ന വിശേഷണമാണ് ഇന്നലെ അന്തരിച്ച അത്‌ലറ്റിക് പരിശീലകൻ ഡോ. എസ്.എസ്.കൈമളിന് നന്നായി ഇണങ്ങുക. കാലിക്കറ്റ് സർവകലാശാലയ്ക്കായി ട്രാക്കിൽ മെഡൽ വാരിക്കൂട്ടിയ 25 താരങ്ങൾ പിന്നീട് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1970 മുതൽ 33 വർഷം കാലിക്കറ്റിന്റെ അത്‌ലറ്റിക് കോച്ചായിരുന്ന കൈമളിനു കീഴിൽ ഇതിൽ 23 പേരും പരിശീലനം നേടിയിട്ടുണ്ട്. പി.ടി.ഉഷ, അഞ്ജു ബോബി ജോർജ്, മേഴ്സി കുട്ടൻ തുടങ്ങിയ ഇന്ത്യൻ അത്‌ലറ്റിക്സിലെ മിന്നും താരങ്ങളും അവരിലുൾപ്പെടും.

2003ൽ വിരമിച്ച ശേഷവും അഖിലേന്ത്യാ അന്തർ സർവകലാശാലാ മീറ്റുകളിൽ കാലിക്കറ്റ് വാഴ്സിറ്റി അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തി. എസ്.എസ്.കൈമളിന്റെ പരിശീലന മികവിൽ കാലിക്കറ്റ് 21 തവണ അത്‌ലറ്റിക്സ്, ക്രോസ്കൺട്രി അഖിലേന്ത്യാ ജേതാക്കളായിട്ടുണ്ട്. ഇന്ത്യൻ‍ യൂണിവേഴ്സിറ്റി ടീമിന്റെ കോച്ചായും മികവ് തെളിയിച്ചു.

കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്താൻ അദ്ദേഹത്തിന് അസാധാരണ മിടുക്കായിരുന്നുവെന്ന് ശിഷ്യനും കാലിക്കറ്റ് സർവകലാശാലാ കായിക ഡയറക്ടറുമായ ഡോ. വി.പി.സക്കീർ ഹുസൈൻ ഓർക്കുന്നു. ‘താരങ്ങളോട് സ്വന്തം മക്കളോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. മീറ്റിന് പോകുമ്പോൾ ശിഷ്യർക്കുള്ള ചൂടുവെള്ളം പോലും കരുതിവയ്ക്കും. സിന്തറ്റിക് ട്രാക്ക് വരുന്നതിനു മുൻപ് കാലിക്കറ്റിലെ ചെമ്മൺ ട്രാക്കിൽ നൂറുകണക്കിനു പേർക്കാണ് അദ്ദേഹം വഴികാട്ടിയത്. അദ്ദേഹത്തിന്റെ വിയോഗം കാലിക്കറ്റ് സർവകലാശാലയ്ക്കും ഇന്ത്യൻ അത്‌ലറ്റിക്‌സിനും തീരാനഷ്ടമാണ്’– ഡോ. സക്കീർ ഹുസൈൻ പറഞ്ഞു.

രാജ്യത്തെ മികച്ച പരിശീലകനു കേന്ദ്ര കായികമന്ത്രാലയം നൽകുന്ന ദ്രോണാചാര്യ അവാർഡ് എസ്.എസ്.കൈമളിന്റെ വലിയ സ്വപ്നമായിരുന്നു. പക്ഷേ, സർക്കാർ അദ്ദേഹത്തെ പരിഗണിച്ചില്ല. ശിഷ്യരിൽ പലരും ദ്രോണാചാര്യ പുരസ്കാരം നേടിയിട്ടും കൈമളിന് അതു നിഷേധിക്കപ്പെട്ടു. ഇന്ത്യൻ അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട ഏതു സംശയങ്ങൾക്കും മറുപടി നൽകുന്ന സർവവിജ്ഞാനകോശം കൂടിയായിരുന്നു കൈമൾ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മറികടന്ന് കായിക സർവകലാശാലയെന്ന അഭിമാന വിശേഷണത്തിലേക്കുള്ള കാലിക്കറ്റിന്റെ കുതിപ്പിൽ എസ്.എസ്.കൈമളെന്ന പരിശീലകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

എസ്.എസ്.കൈമൾ കായിക രംഗത്തെ എൻസൈക്ലോപീഡിയ: ഒളിംപ്യൻ പി.രാമചന്ദ്രൻ

എന്റെ പേരിന് ഒപ്പമുള്ള ഒളിംപ്യൻ കൈമൾ സാറിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ്. ഡെക്കാത്‌ലണിലേക്ക് എന്നെ വഴി തിരിച്ചു വിട്ടത് അദ്ദേഹമാണ്. അതുകൊണ്ടാണു 400 മീറ്ററിലേക്കു മാറിയിട്ടും പരുക്കുകളില്ലാതെ മികച്ച പ്രകടനം നടത്താൻ സാധിച്ചത്. അതു വഴിയാണ് 2000 സിഡ്നി ഒളിംപിക്സിൽ 4–400 മീറ്റർ റിലേ ടീം അംഗമാകാൻ സാധിച്ചത്. 1989–91 കാലത്തു നാട്ടിക എസ്എൻ കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ സാറിന്റെ കോച്ചിങ് ക്യാംപിൽ പങ്കെടുക്കാനായതാണു ജീവിതംതന്നെ മാറ്റി മറിച്ചത്.  

സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ ഡെക്കാത്‌ലണിൽ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ സാർ എന്നെ വിളിച്ച് ഒരു ട്രാക്ക് സ്യൂട്ട് സമ്മാനമായി തന്നു. എന്റെ ജീവിതത്തിലെ ആദ്യ ട്രാക്ക് സ്യൂട്ട് ആയിരുന്നു അത്. കാലിക്കറ്റ് സർവകലാശാല ടീമിന് ഒരു കുറവും അദ്ദേഹം വരുത്തിയിരുന്നില്ല.  

10 ദിവസം മുൻപും സാർ വിളിച്ചിരുന്നു. 400 മീറ്റർ ഓട്ടത്തെക്കുറിച്ച് ഒരു ഗവേഷണം നടത്തി വരികയായിരുന്നു അദ്ദേഹം.  പ്രായമായി, എങ്കിലും ഈ ഗവേഷണം തീർക്കണം. അതു പറയുമ്പോൾ കായികമേഖലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച ആ ഗുരുവിന്റെ ശബ്ദത്തിനു നിശ്ചയ ദാർഢ്യമുണ്ടായിരുന്നു. നല്ല ഓർമശക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പിന്നെ മലയാള ഭാഷയിൽ നല്ല പ്രാവീണ്യവും. കായിക മേഖലയിലെ എൻസൈക്ലോപീഡിയ, കൈമൾ സാറിനെ അങ്ങനെ വിളിക്കാനാണ് എനിക്ക് ഇഷ്ടം.

English Summary:

SS Kaimal passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com