രാജ്യം മോഹിച്ച മെഡലിനായി നിയമത്തിന്റെ ഗോദയിലും പോരാടി വിനേഷ് ഫോഗട്ട്; ഒടുവിൽ മെഡലില്ലാതെ മടക്കം, നിരാശ
Mail This Article
ന്യൂഡൽഹി∙ ഒളിംപിക് ഗോദയിലെ കിടിലൻ പോരാട്ടത്തിനു ശേഷം അർഹതപ്പെട്ട മെഡലിനായി നിയമത്തിന്റെ ഗോദ വരെ പോരാട്ടം നയിച്ച ശേഷമാണ് വിനേഷ് ഫോഗട്ട് തോൽവി സമ്മതിച്ചത്. ഫൈനലിൽ മത്സരിക്കാത്ത വിനേഷിന് വെള്ളി മെഡൽ നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ നീരജ് ചോപ്രയുടേതിനു പുറമേ രണ്ടാമതൊരു വെള്ളി കൂടി പാരിസിൽനിന്ന് ലഭിക്കുമെന്ന ഇന്ത്യൻ ആരാധകരുടെ സ്വപ്നവും പൊലിഞ്ഞു.
ഫ്രഞ്ച് അഭിഭാഷകരായ ജോല മോണ്‍ലൂസ്, എസ്റ്റെല ഇവാനോവ, ഹാബിൻ എസ്റ്റെല കിം, ചാൾസ് ആംസൺ എന്നിവരുടെ സഹായത്തോടെയാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയത്. ഇന്ത്യയില്‍നിന്നുള്ള സീനിയർ അഭിഭാഷകരായ ഹരിഷ് സാൽവെ, വിദ്യുഷ്പത് സിംഗാനിയ എന്നിവരും വിനേഷിനായി വാദിക്കാനെത്തി. സെമി ഫൈനൽ വരെ നിയമങ്ങൾ കൃത്യമായി പാലിച്ചാണ് മത്സരിച്ചതെന്നും അതുകൊണ്ടു തന്നെ വെള്ളി മെഡലിന് അർഹതയുണ്ടെന്നുമായിരുന്നു ഇന്ത്യൻ താരത്തിന്റെ അവകാശവാദം.
താരത്തിനു 100 ഗ്രാം ഭാരം കൂടുതലാണെന്നു തെളിഞ്ഞതിനാൽ ഇക്കാര്യം വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്‍ലിങ് കോടതിയിൽ സ്വീകരിച്ചത്. നിയമപ്രകാരം യാതൊരു ഇളവും ഇന്ത്യൻ താരത്തിനു നൽകേണ്ടതില്ലെന്നും സംഘടന ആവർത്തിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ താരത്തിനു വെള്ളി മെഡൽ നൽകാൻ സാധിക്കില്ലെന്ന നിലപാടും സംഘടന കോടതിയിൽ ബോധിപ്പിച്ചു.
∙ ഒളിംപിക്സിൽ സംഭവിച്ചത്
29 വയസുകാരിയായ ഈ ഹരിയാനക്കാരിയുടെ മൂന്നാമത്തെ ഒളിംപിക്സായിരുന്നു പാരിസിലേത്. 2020, 2016 ഒളിംപിക്സുകളിൽ വിനേഷ് മത്സരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലേയും കോമൺവെൽത്ത് ഗെയിംസിലേയും സ്വർണ മെഡൽ ജേതാവെന്ന പകിട്ടുമായാണ് വിനേഷ് ഫോഗട്ട് പാരിസിൽ മത്സരിക്കാനിറങ്ങിയത്. പ്രീക്വാർട്ടറിൽ ജപ്പാന്റെ സൂപ്പർ താരം യുയ് സുസാക്കിയെ വിനേഷ് അവസാന സെക്കൻഡിൽ വീഴ്ത്തിയതോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി വിനേഷ് മാറി. ക്വാർട്ടറിൽ യുക്രെയ്ന്റെ ഒക്സാന ലിവാച്ചിനും ക്യൂബന്‍ താരം യുസ്‍നേലിസ് ഗുസ്മാനും വിനേഷിനു മുന്നിൽ അടിപതറി.
വിനേഷ് ഫോഗട്ടിന്റെ മെഡൽ നേട്ടം രാജ്യം ആഘോഷിക്കുന്നതിനിടെയാണ് ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. 100 ഗ്രാം ഭാരം കൂടുതലാണെന്ന പേരിൽ താരത്തെ മാറ്റിനിർത്തുകയായിരുന്നു. മത്സര ദിവസം രാവിലെയായിരുന്നു വിനേഷിനെതിരായ നടപടി. തലേദിവസം മുഴുവൻ ഭാരം കുറയ്ക്കുന്നതിനായി ഭക്ഷണ നിയന്ത്രണവും കഠിനാധ്വാനവും നടത്തിയ വിനേഷ് ആശുപത്രിയിലുമായി. അപ്രതീക്ഷിത തിരിച്ചടിയിൽ നിരാശയിലായ താരം തൊട്ടുപിന്നാലെ കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു.