ADVERTISEMENT

പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽ തുടർന്ന് മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളിയതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിധി പറയുന്നത് ഈ മാസം 16 വരെ നീട്ടിവച്ചതിനു പിന്നാലെയാണ്, അപ്പീൽ തള്ളിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അയോഗ്യയാക്കിയ നടപടിയെ ചോദ്യം ചെയ്തും, സംയുക്ത വെള്ളിമെഡൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, വിധിയുടെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല. പാരിസ് ഒളിംപിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും സഹിതം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.

വനിതാ ഗുസ്തിയിൽ 50 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിനു തൊട്ടുമുൻപാണു അയോഗ്യയാക്കിയത്. നിശ്ചിത ഭാരത്തിനും 100 ഗ്രാം അധിക ഭാരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരത്തെ മാറ്റിനിർത്തിയത്. ഭാരം കുറയ്ക്കാൻ സമയം വേണമെന്ന ഇന്ത്യയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് വിനേഷ് ഫോഗട്ട് രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.

ഒളിംപിക്സിൽ ഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്ന യുണൈറ്റഡ് റെസ്‍ലിങ് വേൾഡും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമാണ് കേസിലെ എതിർകക്ഷികൾ. നിയമം നിയമമാണെന്നും ആർക്കു വേണ്ടിയും അതു മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

വാദം പൂർത്തിയായതിനു പിന്നാലെ തന്നെ കേസിൽ വിധി പറയുമെന്നായിരുന്നു കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്പീലിൽ തീരുമാനമെടുക്കാൻ ഏക ആര്‍ബിട്രേറ്റർ ഡോ. അനബെൽ ബെന്നറ്റിന് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്കു (ഇന്ത്യൻ സമയം രാത്രി 9.30) മുൻപു തീരുമാനം അറിയിക്കണമെന്നായിരുന്നു നിർദേശം. കക്ഷികൾക്ക് ആർബ്രിട്രേറ്റർ മുൻപാകെ അധിക രേഖകൾ സമർപ്പിക്കാനും സമയം നൽകി. പിന്നാലെ വിധി പറയുന്നത് ഈ മാസം 16 വരെ നീട്ടി. ഇതോടെയാണു തീരുമാനം വരാൻ പാരിസ് ഒളിംപിക്സ് അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നത്.

English Summary:

Olympic Silver Medal: Setback for Vinesh Phogat?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com