വെങ്കലശോഭയിൽ ബിരോഹർ ഗ്രാമം; അമൻ സെഹ്റാവത്തിനെ സ്വീകരിക്കാനെത്തിയത് ഒരു ഗ്രാമം ഒന്നാകെ
Mail This Article
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് അമൻ സെഹ്റാവത്തിനെ സ്വീകരിക്കാൻ ഹരിയാനയിലെ ജജ്ജർ ജില്ലയിലെ ബിരോഹർ ഗ്രാമം ഒന്നടങ്കം ഇന്നലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിരുന്നു. തന്റെ ഗ്രാമത്തിന് അമൻ സമ്മാനിക്കുന്ന നന്ദിമുദ്രയാണ് ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നേടിയ വെങ്കലം.
പതിനൊന്നാം വയസ്സിൽ അമന് അമ്മയെയും അച്ഛനെയും നഷ്ടമായി. അതിന്റെ വേദനയിൽ നിന്ന് മുത്തച്ഛൻ മംഗേറാമും അമ്മാവൻ സുധീർ സെഹ്റാവത്തും അവനെ കൈപിടിച്ചുയർത്തുമ്പോൾ ബിരോഹർ ഗ്രാമവും ഒപ്പമുണ്ടായിരുന്നു. ഗ്രാമത്തിന്റെ പരിമിതികൾ നിറഞ്ഞ അഖാഡയിൽ അമൻ ജീവിതത്തോടു പൊരുതാൻ കൂടിയാണ് ശീലിച്ചത്. ഒളിംപിക്സ് ചരിത്രത്തിൽ രാജ്യത്തിന്റെ പ്രായം കുറഞ്ഞ വ്യക്തിഗത മെഡൽ ജേതാവാണ് ഇരുപത്തൊന്നുകാരൻ അമൻ.
‘ഞങ്ങളുടെ ഗ്രാമത്തിൽ ആകെ ഒരു അഖാഡയാണുള്ളത്. അവിടെനിന്നു വെല്ലുവിളികളോടും പരിമിതികളോടും ഗുസ്തി പിടിച്ചു വളർന്നാണ് അമൻ ഒളിംപിക്സ് മെഡലിലേക്കെത്തിയത്. ഗ്രാമത്തിന്റെ അഭിമാനത്തെ സ്വീകരിക്കാനാണ് ഞങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചെത്തിയത്’ – ബിരോഹർ ഗ്രാമവാസികളിലൊരാൾ പറഞ്ഞു.
പുലർച്ചെ മൂന്നിനാണ് അമന്റെ നാട്ടുകാർ ബസിലും കാറുകളിലുമായി ബിരോഹറിൽ നിന്നു പുറപ്പെട്ടത്. ഒൻപതോടെ വിമാനത്താവളത്തിൽ എത്തി. രണ്ടു മണിക്കൂർ നീണ്ട കാത്തിരിപ്പ്. അതിന്റെ മടുപ്പ് അമന്റെ മുഖം കണ്ടതോടെ അവരെല്ലാം മറന്നു. തുടർന്ന് പൂമാലകളുടെ പെരുമഴയായി. ചിലർ അമനെ തോളിലേറ്റി ചുവടുവച്ചു. വീട്ടിൽനിന്ന് കൊണ്ടുവന്ന പായസം സഹോദരി പ്രിയങ്ക, അമനു നൽകി. ബിരോഹറിന്റെ വാത്സല്യമത്രയും അതിലുണ്ടായിരുന്നു.
സർക്കാരിന്റെ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും തന്റെ ഗ്രാമവാസികളാണ് പഠനത്തിനും പരിശീലനത്തിനും പണം നൽകുന്നതെന്നും അമൻ പറഞ്ഞു. അടുത്ത ഒളിംപിക്സിൽ സ്വർണം നേടണം. അതിനുള്ള തയാറെടുപ്പുകൾ ഉടൻ ആരംഭിക്കും– അമന്റെ മനസ്സിലെ നിശ്ചയദാർഢ്യം വാക്കുകളിലും തെളിഞ്ഞുനിന്നു.