കളിക്കാൻ കൂടുന്നോ? ഗോളടിച്ചിട്ട് എന്നെ കളിയാക്കാനല്ലേ..: കളിയും കാര്യവുമായി ശ്രീജേഷുമായുള്ള മുഖാമുഖം
Mail This Article
കൊച്ചി ∙ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്ത അതേ മികവോടെയായിരുന്നു സദസ്സിന്റെ ഓരോ ചോദ്യങ്ങൾക്കും ശ്രീജേഷിന്റെ മറുപടികൾ. കളിയും ചിരിയും ഗൗരവമുള്ള ഉത്തരങ്ങളുമായി സദസ്സിനെ രസിപ്പിച്ചു ഇന്ത്യൻ ഹോക്കിയുടെ മുഖശ്രീ. തോൽവികളെ എങ്ങനെയാണ് മാനസികമായി അഭിമുഖീകരിച്ചത് എന്നായിരുന്നു ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈനയുടെ ചോദ്യം. ‘‘സന്തോഷം വന്നാൽ തുള്ളിച്ചാടും. തോൽവിയിൽ കരയുകയും ചെയ്യും. തോൽവികളെ വിശകലനം ചെയ്യാറുണ്ട്. ആ സമയത്ത് എന്തായിരുന്നു എന്റെ ചിന്തകൾ എന്ന കാര്യവും കുറിച്ചുവയ്ക്കും’’– സ്വതസിദ്ധമായ ചിരിയോടെ ശ്രീജേഷിന്റെ ഉത്തരം.
ഞങ്ങളുടെ ഒപ്പം പരിശീലന മത്സരം കളിക്കാൻ പറ്റുമോ എന്നായിരുന്നു സെന്റ് ആൽബർട്സ് സ്കൂൾ ഹോക്കി ടീം അംഗമായ ആന്റണി മൈക്കിളിന്റെ ചോദ്യം.‘‘ഗോളടിച്ചിട്ട് എന്നെ കളിയാക്കാനല്ലേ!’’– ഗോൾ സേവ് ചെയ്യുന്ന വേഗത്തിലായിരുന്നു ശ്രീജേഷിന്റെ മറുചോദ്യം. കളിച്ചില്ലെങ്കിലും നിങ്ങളുടെ കളി കാണാൻ വരും എന്ന് ഉറപ്പ് നൽകാനും ശ്രീജേഷ് മറന്നില്ല.
രാഷ്ട്രീയത്തിൽ ഒരു കൈ നോക്കുന്നോ എന്ന കുസൃതി ചോദ്യത്തിന് ദേഷ്യം വന്നാൽ അതു മുഖത്തു നോക്കി പറയുന്ന ആളായ തനിക്കു പറ്റിയ പണിയല്ല അത് എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി. ഹോക്കി അക്കാദമി അല്ലെങ്കിൽ ഭരണനിർവഹണം ഇതിൽ ഏതാണ് ശ്രീജേഷ് തിരഞ്ഞെടുക്കുക എന്നായിരുന്നു സ്പോർട്സ് ലേഖകനായ കെ.പ്രദീപിന്റെ ചോദ്യം. ഹോക്കിയാണ് ഇത്രയും വർഷം കളിച്ചത്. അത് പഠിപ്പിക്കാനേ അറിയൂ. ഭരണനിർവഹണം അറിയില്ല. കേരളത്തിൽ ഹോക്കിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അക്കാദമി ആരംഭിക്കുക എളുപ്പമല്ല. ആകെയുള്ളത് രണ്ട് അസ്ട്രോ ടർഫ് ആണ്. അതൊരു സങ്കടം തന്നെയാണെന്നും ശ്രീജേഷ്.
ശ്രീജേഷ് വിചാരിച്ചാൽ കേന്ദ്രസർക്കാരിൽ നിന്നു പണം അനുവദിക്കാൻ കഴിയില്ലേ എന്നായിരുന്നു മുൻ ഹോക്കി താരമായ സുനിൽ ഇമ്മട്ടിയുടെ ഉടനെയുള്ള ചോദ്യം. അവതരിപ്പിക്കാൻ തയാറാണെന്നും കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയാൽ കൂടെയുണ്ടാകുമെന്നും ശ്രീജേഷിന്റെ ഉറപ്പ്.
മെഡൽ നേട്ടത്തിലേക്ക് എത്താൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് ജെബി മേത്തർ എംപിക്ക് അറിയേണ്ടിയിരുന്നത്. സൗണ്ട് ബോക്സുമായി ഗ്രൗണ്ടിൽ എത്തുന്ന ഘാന ടീമിന്റെ കാര്യം ഉദാഹരണമായി കാണിച്ചാണ് ശ്രീജേഷ് ഉത്തരം പറഞ്ഞത്. തോറ്റാലും പാട്ടുപാടിയും നൃത്തം വച്ചും ഗ്രൗണ്ടിൽ നിന്നു മടങ്ങുന്ന അവരെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും അതു വലിയ കാര്യമാണെന്നും ശ്രീജേഷ്. കഠിനാധ്വാനത്തിനൊപ്പം കളി ആസ്വദിക്കാനും പഠിക്കണം. അപ്പോൾ നേട്ടങ്ങളും മെഡലുകളും വരും– ശ്രീജേഷ് പറഞ്ഞു.