വിദ്യാർഥി വടംവലി മത്സരത്തിനെത്തിയത് വല്യുമ്മയുടെ കാൽ പവൻ സ്വർണക്കമ്മൽ വിറ്റ്; കമ്മലിന്റെ പണം തിരികെ നൽകി അധ്യാപകൻ
Mail This Article
കോഴിക്കോട്∙ ദേശീയ വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിനായി വിൽക്കേണ്ടി വന്ന വല്യുമ്മയുടെ കാൽ പവൻ സ്വർണ കമ്മലുകൾക്ക് പകരം പുതിയവ വാങ്ങി നൽകാൻ മുഹമ്മദ് അഫ്‌സലിനു സ്നേഹത്തോടെ അധ്യാപകന്റെ ചെക്ക്. മുഹമ്മദ് അഫ്സൽ വല്യുമ്മയുടെ കമ്മൽ വിറ്റ പണം കൊണ്ടാണ് ടൂർണമെന്റിൽ പങ്കെടുത്തതെന്ന് മനസ്സിലാക്കിയ അധ്യാപകൻ എം.അബ്‌ദുൽ അലിയാണ്, പകരം കമ്മൽ വാങ്ങാനുള്ള പണം നൽകിയത്.
കഴിഞ്ഞയാഴ്‌ച ആഗ്രയിൽ നടന്ന അണ്ടർ 19 ദേശീയ വടംവലി ചാംപ്യൻഷിപ്പിൽ കേരള ടീം അംഗമായി പങ്കെടുക്കുന്നതിനു വേണ്ടിയാണ് മടവൂർ ചക്കാലക്കൽ എച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥി മുഹമ്മദ് അഫ്സലിനു വല്യുമ്മ കൊട്ടക്കാവയൽ തച്ചംകുഴിമണ്ണിൽ ഖദീജ തന്റെ ഇത്തിരി പൊന്ന് ഊരി നൽകിയത്. ഇതു വിറ്റുകിട്ടിയ പണവുമായി മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അഫ്‌സൽ തിരിച്ചെത്തിയത് കേരള ടീമിന്റെ സ്വർണ നേട്ടവുമായിട്ടായിരുന്നു.
ഈ വിവരം അറിഞ്ഞ ചക്കാലക്കൽ ഹൈസ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ എം.അബ്‌ദുൽ അലി, അഫ്സലിനു കാൽ പവൻ സ്വർണം വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. കമ്മൽ വാങ്ങാനുള്ള തുകയുടെ ചെക്ക് അദ്ദേഹം അഫ്‌സലിനു കൈമാറി.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സന്തോഷ്, പ്രധാന അധ്യാപകൻ ടി.കെ. ശാന്തകുമാർ, പി.പി.മനോഹരൻ, എൻ.കെ.അസീസ്, പി.കെ.അൻവർ, റിയാസ് അടിവാരം, പി. ലത്തീഫ് എന്നിവർ പങ്കെടുത്തു. ദേശീയ സൈക്കിൾ പോളോ താരവുമാണ് അഫ്‌സൽ. മനോരമ സ്പോർട്സ് ക്ലബ് അവാർഡ് കഴിഞ്ഞ വർഷം ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്‌സ് അക്കാദമിക്ക് ലഭിച്ചിരുന്നു.