ബാസ്കറ്റ്ബോളിൽ നിയമമാറ്റം; ടീമിലെ 10 അംഗങ്ങൾ ഒരു ക്വാർട്ടർ മുഴുവനുമെങ്കിലും (10 മിനിറ്റ്) കളിക്കണം
Mail This Article
കൊച്ചി∙ ബാസ്കറ്റ്ബോളിൽ ടീമിലെ 10 അംഗങ്ങൾ ഒരു ക്വാർട്ടറെങ്കിലും (10 മിനിറ്റ്) കളിക്കുന്നത് ഉറപ്പാക്കുന്ന തരത്തിൽ കളി നിയമത്തിൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മാറ്റം വരുത്തി. എല്ലാ താരങ്ങൾക്കും അവസരം നൽകുന്നതിനൊപ്പം മുൻനിര താരങ്ങൾ മുഴുവൻ സമയം കളിച്ചു പരുക്കിന്റെ പിടിയിൽ പെടുന്നത് ഒഴിവാക്കാനും ഈ മാറ്റം സഹായിക്കും. പ്രാഥമിക ഘട്ടത്തിൽ ദേശീയ യൂത്ത്, ജൂനിയർ തലത്തിലാണു മാറ്റം നടപ്പാക്കുക.
ഇന്നു മൂവാറ്റുപുഴ വാഴക്കുളത്ത് ആരംഭിക്കുന്ന സംസ്ഥാന യൂത്ത് ചാംപ്യൻഷിപ്പിൽ കേരളം പുതിയ നിയമം നടപ്പാക്കും. 12 അംഗങ്ങളുണ്ടാകണം ടീമിൽ. ഇതിൽ 10 പേർ ഒരു ക്വാർട്ടർ മുഴുവനെങ്കിലും കളിച്ചിരിക്കണം. പതിനൊന്നാം താരത്തെയും പന്ത്രണ്ടാം താരത്തെയും ഇടയ്ക്കു സബ്സ്റ്റിറ്റ്യൂട്ടായി കളിപ്പിച്ച് അവരുടെ പങ്കാളിത്തവും ഉറപ്പാക്കാം. എല്ലാ കളിക്കാരും ഒരു മുഴുവൻ ക്വാർട്ടറെങ്കിലും പുറത്തിരിക്കണമെന്നും നിയമമാറ്റത്തിൽ പറയുന്നു. അതായത് നാലു ക്വാർട്ടർ (ആകെ 40 മിനിറ്റ്) മുഴുവൻ ഒരു താരത്തിനും ഇനി കളിക്കാനാകില്ല.
ആദ്യമിറങ്ങുന്ന 5 പേർ, അല്ലെങ്കിൽ ടീമിലെ മികച്ചവർ മാത്രം കളിക്കുകയും ശേഷിക്കുന്നവർ ബെഞ്ചിലിരിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റമാകും.
ആദ്യ 3 ക്വാർട്ടർ കളിക്കാത്ത ഒരു താരത്തെ നാലാം ക്വാർട്ടറിൽ ഇറക്കുകയും അയാൾക്കു പരുക്കേൽക്കുകയോ തുടർച്ചയായ 5 ഫൗൾ മൂലം പുറത്താക്കപ്പെടുകയോ ചെയ്താൽ പകരം താരത്തെ ഇറക്കാനാകില്ലെന്ന ‘കടുത്ത’ നിയമവും മാറ്റത്തിലുണ്ട്. ശേഷിക്കുന്ന സമയം ടീം നാലു കളിക്കാരെ മാത്രം വച്ചുവേണം കളിക്കാൻ.
പരിശീലകരുടെ സബ്സ്റ്റിറ്റ്യൂഷൻ തന്ത്രങ്ങൾ മെച്ചപ്പെടുത്താനും ടീമിനെ കൂടുതൽ സജീവമാക്കാനും പുതിയ മാറ്റം സഹായിക്കുമെന്നാണു പ്രതീക്ഷയെന്നു ബിഎഫ്ഐ പ്രസിഡന്റ് ആധവ് അർജുന പറയുന്നു. ടീമിലെ 10 കളിക്കാർക്കെങ്കിലും തങ്ങളുടെ മികവു പ്രകടിപ്പിക്കാനും തുടർന്നുള്ള ടീം സിലക്‌ഷനിലേക്കു പരിഗണിക്കപ്പെടാനും ഇതു സഹായകമാകും. ചെന്നൈയിൽ നടന്ന ബിഎഫ്ഐ ജനറൽ ബോഡി യോഗമാണു നിർണായക മാറ്റങ്ങൾ തീരുമാനിച്ചത്.
യൂത്ത് ബാസ്കറ്റ് ഇന്നു മുതൽ
കൊച്ചി ∙ സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിൽ ഇന്നു മുതൽ 28വരെ നടക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 14 ജില്ലാ ടീമുകളും മത്സരിക്കുന്നുണ്ട്. ആൺകുട്ടികളിൽ കോട്ടയവും പെൺകുട്ടികളിൽ കോഴിക്കോടുമാണു നിലവിലെ ജേതാക്കൾ. നവംബറിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ യൂത്ത് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ മത്സരങ്ങളിൽനിന്നു തിരഞ്ഞെടുക്കും.