ചക് ദേ ഇന്ത്യ! ഇന്ന് ദേശീയ കായിക ദിനം
Mail This Article
ന്യൂഡൽഹി∙ ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജര്‍ ധ്യാൻചന്ദിന്റെ ജന്മദിനമാണ് രാജ്യം കായിക ദിനമായി ആഘോഷിക്കുന്നത്. 2012 മുതലാണ് രാജ്യം ദേശീയ കായിക ദിനം ആഘോഷിച്ചു തുടങ്ങിയത്. 1905ൽ അലഹബാദിലെ രാജ്പുത് കുടുംബത്തിലാണ് ധ്യാൻചന്ദ് ജനിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന ധ്യാൻചന്ദ് സൈന്യത്തിന്റെ ഭാഗമായി.
സൈന്യത്തിൽവച്ചാണ് ഇന്ത്യൻ ഇതിഹാസം ഹോക്കിയിലെ കരിയർ തുടങ്ങുന്നത്. 1928, 1932, 1936 ഒളിംപിക്സുകളിൽ ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുക്കാൻ ധ്യാൻചന്ദിനു സാധിച്ചു. 22 വർഷത്തെ കരിയറിൽ നാനൂറിലേറെ ഗോളുകളാണ് ഇന്ത്യൻ മാന്ത്രികൻ അടിച്ചുകൂട്ടിയത്. 1936 ബർലിന്‍ ഒളിംപിക്സ് ഫൈനലിൽ ജർമനിക്കെതിരെ ധ്യാൻചന്ദ് മൂന്നു ഗോളുകൾ നേടി. അന്ന് ആതിഥേയരെ 8–1ന് തോൽപിച്ചാണ് ഇന്ത്യ സ്വർണം വിജയിച്ചത്. ധ്യാൻചന്ദിന്റെ കീഴിൽ ഇന്ത്യൻ ഹോക്കിയുടെ ഉയർച്ച എത്രത്തോളമുണ്ടെന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ വിജയം.
1956ൽ മേജറായാണ് ധ്യാൻചന്ദ് പഞ്ചാബ് റെജിമെന്റിൽനിന്നു വിരമിക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിച്ചു. ധ്യാൻചന്ദ് ഇന്ത്യന്‍ കായിക മേഖലയ്ക്കു നൽകിയ സംഭാവനകൾക്കുള്ള ആദരമായാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ രാജ്യം ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും ആഘോഷ പരിപാടികളും നടക്കും.