പാരാകെ പാരിസിൽ: പാരാലിംപിക്സിന് വർണാഭമായ തുടക്കം- ചിത്രങ്ങൾ
Mail This Article
പാരിസ് ∙ ഒളിംപിക്സിനു പിന്നാലെ പാരാലിംപിക്സ് ഉദ്ഘാടനച്ചടങ്ങിലും വർണവിസ്മയം തീർത്ത് പാരിസ്. മണിക്കൂറുകളോളം നീണ്ടുനിന്ന ഉദ്ഘാടനച്ചടങ്ങിൽ ആയിരത്തോളം കലാകാരൻമാർ ദൃശ്യവിരുന്നൊരുക്കി. ഒളിംപിക്സിനു സമാനമായി പാരാലിംപിക്സ് ഉദ്ഘാടനച്ചടങ്ങും സ്റ്റേഡിയത്തിനു പുറത്ത്, നഗരമധ്യത്തിലായാണ് സംഘടിപ്പിച്ചത്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികൾ പാരാലിംപിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. അത്‌ലീറ്റുകളുടെ സൗകര്യാർഥം സ്റ്റേഡിയത്തിനു പുറത്ത് പ്രത്യേകമൊരുക്കിയ വീഥിയിലാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്. ഒളിംപിക്സിൽ സെൻ നദിയിലൂടെ ബോട്ടുകളിലായിരുന്നു അത്‌ലീറ്റുകളുടെ പരേഡ്. 11 ദിവസം നീണ്ടു നിൽക്കുന്ന കായികമാമാങ്കത്തിൽ 22 ഇനങ്ങളിലായി 4400 അത്‌ലീറ്റുകളാണ് പങ്കെടുക്കുന്നത്. 20 ലക്ഷത്തോളം ടിക്കറ്റുകളാണ് പാരാലിംപിക്സിന്റെ ഭാഗമായി വിറ്റുപോയതെന്ന് സംഘാടകർ അറിയിച്ചു.