റെയിൽവേസ് Vs സർവീസസ്; ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് ഇന്നു മുതൽ
Mail This Article
ബെംഗളൂരു ∙ റെയിൽവേസും സർവീസസും തമ്മിലുള്ള പോരാട്ടമായി മാറുന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന് ഇന്നു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കം. 113 അംഗ ജംബോ ടീമുമായാണു നിലവിലെ ചാംപ്യന്മാരായ റെയിൽവേസ് എത്തുന്നത്. കഴിഞ്ഞ വർഷത്തെ പുരുഷ വിഭാഗം ചാംപ്യന്മാരായ സർവീസസിന്റെ 69 അംഗ ടീം ആണ് ചാംപ്യൻഷിപ്പിന് എത്തുന്നത്.
കഴിഞ്ഞവർഷത്തെ ദേശീയ ഓപ്പൺ ചാംപ്യൻഷിപ്പിൽ 100 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിയ എച്ച്. മണികണ്ഠ ഉൾപ്പെടെയുള്ള താരങ്ങൾ സർവീസസ് നിരയിലുണ്ട്. ആദ്യ സ്ഥാനങ്ങളിൽ എത്താറില്ലെങ്കിലും വ്യക്തിഗത പ്രകടനങ്ങൾ വഴി ശ്രദ്ധ നേടാറുള്ള കേരളത്തിൽ നിന്ന് 54 അംഗ ടീം ചാംപ്യൻഷിപ്പിൽ പോരാട്ടത്തിനെത്തുന്നു.
വനിതാ ലോങ്ജംപിൽ നയന ജയിംസ്, ട്രിപ്പിൾ ജംപിൽ വി.ഷീന, 400 മീറ്റർ ഹർഡിൽസിൽ അനു രാഘവൻ, പുരുഷ ലോങ്ജംപിൽ മുഹമ്മദ് അനസ് തുടങ്ങിയ താരങ്ങൾ കേരളത്തിനു പ്രതീക്ഷ പകരുന്നു. ഒളിംപിക്സിനു ശേഷം മികച്ച താരങ്ങളിൽ പലരും ഇല്ലാത്തതു മീറ്റിന്റെ ഗ്ലാമർ കുറച്ചിട്ടുണ്ട്. ചാംപ്യൻഷിപ് സെപ്റ്റംബർ 2ന് സമാപിക്കും.