ട്രാക്കിൽ അട്ടിമറി !: ഓപ്പൺ അത്ലറ്റിക്സിൽ ദേശീയ റെക്കോർഡ് ജേതാക്കളെ അട്ടിമറിച്ച് താരങ്ങൾ
Mail This Article
ബെംഗളൂരു ∙ ദേശീയ റെക്കോർഡ് ജേതാക്കൾക്കു കാലിടറിയപ്പോൾ ദേശീയ ഓപ്പൺ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ട്രാക്കിൽ പുതിയ താരോദയങ്ങൾ. പുരുഷന്മാരുടെ 100 മീറ്റർ, 110 മീറ്റർ ഹർഡിൽസ് എന്നിവയിലാണു അട്ടിമറി വിജയങ്ങളുണ്ടായത്. പുരുഷ 100 മീറ്ററിൽ ദേശീയ റെക്കോർഡ് ഉടമ സർവീസസിന്റെ എച്ച്.മണികണ്ഠയെ രണ്ടാമതാക്കി ഒഡീഷയുടെ ലാലു പ്രസാദ് ഭോയി (10:46 സെക്കൻഡ്) സ്വർണം നേടി. കഴിഞ്ഞ വർഷമാണ് മണികണ്ഠ ദേശീയ റെക്കോർഡും മീറ്റ് റെക്കോർഡും (10:28 സെക്കൻഡ്) കുറിച്ചത്.
പുരുഷ 110 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് താരം തേജസ് ഷിർസയെ രണ്ടാമതാക്കി പാതി മലയാളിയായ റെയിൽവേയുടെ ആർ.മാനവും സ്വർണം നേടി (13.86 സെക്കൻഡ്). മലയാളിയായ രാജ് നാരായണന്റെയും ആന്ധ്ര സ്വദേശി കവിതയുടെയും മകനായ മാനവ് തമിഴ്നാടിനുവേണ്ടിയാണ് മത്സരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ റെയിൽവേ, ഇന്നലെ നടന്ന 14 ഫൈനലുകളിൽ 7 സ്വർണം സ്വന്തമാക്കി.
4X400 മീറ്റർ മിക്സഡ് റിലേയിൽ നേടിയ വെള്ളി മെഡലാണു കേരളത്തിന്റെ ഏക സമ്പാദ്യം. ടി.എസ്.മനു. കെ.സ്നേഹ, ഗൗരി നന്ദന, സി.ആർ.അബ്ദുൽ എന്നിവർ അടങ്ങിയ ടീമാണു 3:25.28 മിനിറ്റിൽ ഫിനിഷ് ചെയ്ത് വെള്ളി നേടിയത്. പഞ്ചാബിനാണ് സ്വർണം. വനിതാ ജാവലിനിൽ ഒളിംപ്യൻ അന്നു റാണി സ്വർണം നേടി.