ട്രെയിൻ അപകടത്തിൽ കാൽ നഷ്ടമായി, പരിശീലനം തുടങ്ങിയത് 2016ൽ; പാരിസിൽ സ്വർണക്കുതിപ്പ്
Mail This Article
പാരിസ്∙ പാരാലിംപിക്സിൽ അഞ്ചാം ദിനം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൾക്കു സ്വർണത്തിളക്കമേകി നിതേഷ് കുമാർ. പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എല്‍ 3 ഇനത്തിൽ ബ്രിട്ടിഷ് താരം ഡാനിയൽ ബെതലിനെ 21–14, 18–21, 23–21 എന്ന സ്കോറിനാണ് ഇന്ത്യൻ താരം തോൽപിച്ചത്. വിജയത്തോടെ പാരിസിൽ അവനി ലേഖാറയ്ക്കു സ്വർണം നേടുന്ന താരമായി നിതേഷ് മാറി. വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ എസ്എച്ച് 1 ഇനത്തിലാണ് അവനി സ്വർണം വെടിവച്ചിട്ടത്. 29 വയസ്സുകാരനായ നിതേഷ് കുമാർ ഹരിയാനയിലെ കർനാൽ സ്വദേശിയാണ്. 2016ലാണ് നിതേഷ് കുമാർ പാരാ ബാഡ്മിന്റൻ പരിശീലിച്ചു തുടങ്ങിയത്.
തൊട്ടടുത്ത വർഷം തന്നെ ഐറിഷ് പാരാ ബാഡ്മിന്റൻ കിരീടം നേടിയ നിതേഷ് ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു. സ്വർണം തന്നെ രാജ്യത്തിനു സമ്മാനിച്ച താരം ആ വിശ്വാസം ഒരിക്കൽ കൂടി ഉറപ്പിച്ചു. 2009ല്‍ വിശാഖപട്ടണത്തുവച്ചുണ്ടായ ഒരു ട്രെയിൻ അപകടത്തിലാണ് നിതേഷിന് ഇടത്തേക്കാൽ നഷ്ടമാകുന്നത്. മാസങ്ങളോളം കിടപ്പിലായിരുന്ന നിതേഷ് പതുക്കെ ആത്മവിശ്വാസം വീണ്ടെടുത്തു. വിശ്രമകാലം ഐഐടി എൻട്രന്‍സ് പരീക്ഷാ തയാറെടുപ്പുകൾക്കായാണ് നിതേഷ് ഉപയോഗിച്ചത്.
2013ൽ നിതേഷിന് ഐഐടി മണ്ടിയിൽ പ്രവേശനം ലഭിച്ചു. അവിടെവച്ചാണ് ബാഡ്മിന്റനിൽ പരിശീലനം തുടങ്ങുന്നത്. പാരാ ദേശീയ ചാംപ്യന്‍ഷിപ്പിൽ ഹരിയാനയ്ക്കായി മത്സരിച്ചുകൊണ്ടാണ് നിതേഷ് ബാഡ്മിന്റൻ കരിയർ ആരംഭിച്ചത്. ഐറിഷ് ബാഡ്മിന്റൻ കിരീടവും ബിഡബ്ല്യുഎഫ് പാരാ ബാഡ്മിന്റൻ, ഏഷ്യന്‍ പാരാ ഗെയിംസ് എന്നിവയിലും വിജയങ്ങൾ നേടി. പാരാ ബാഡ്മിന്റനിൽ തിളങ്ങുമ്പോഴും പരിശീലകനായും നിതേഷ് കുമാർ പ്രവർത്തിക്കുന്നുണ്ട്. ഹരിയാന സർക്കാരിന്റെ കായിക വകുപ്പിൽ സീനിയർ ബാഡ്മിന്റൻ പരിശീലകനായി നിതേഷ് കുമാർ കുട്ടികളെ കളി പഠിപ്പിക്കുന്നുമുണ്ട്.