ബാഡ്മിന്റനിൽ മെഡലുറപ്പ്: പാരാലിംപിക്സ് ബാഡ്മിന്റനിൽ നിതേഷ് കുമാർ ഫൈനലിൽ
Mail This Article
പാരിസ് ∙ പാരാലിംപിക്സിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് ഷൂട്ടിങ് റേഞ്ചിൽനിന്ന് ബാഡ്മിന്റൻ കോർട്ടിലേക്ക്. പുരുഷ സിംഗിൾസിൽ ഫൈനലിലേക്കു മുന്നേറിയതോടെ ഹരിയാന സ്വദേശിയായ നിതേഷ് കുമാർ ബാഡ്മിന്റനിൽ മെഡലുറപ്പാക്കി. കാൽമുട്ടിനു താഴെ ശരീര പരിമിതിയുള്ളവരുടെ (എസ്എൽ3) വിഭാഗത്തിൽ ലോക ഒന്നാംനമ്പറായ നിതേഷ് സീഡിങ്ങില്ലാത്ത ജപ്പാൻ താരം ഫുജിഹാര ഡെയ്സുകെയെയാണ് സെമിയിൽ തോൽപിച്ചത് (21–16, 21–12). ഇന്നു ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ഫൈനലിൽ നിതേഷ്, ബ്രിട്ടന്റെ ഡാനിയേൽ ബെതെല്ലിനെ നേരിടും.
ബാഡ്മിന്റൻ സിംഗിൾസിൽ 2 മെഡലുകൾക്കൂടി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. പുരുഷ എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ സുകാന്ത് കദവും സുഹാസ് യദിരാജും തമ്മിലാണ് സെമിഫൈനൽ പോരാട്ടം. വനിതാ സിംഗിൾസിൽ (എസ്‍യു 5) സെമിഫൈനലിൽ ഇന്ത്യൻ താരങ്ങളായ മനിഷ രാമദാസും തുളസിമതി മുരുകേശനും ഏറ്റുമുട്ടും. ഇതോടെ ഈ 2 ഇനങ്ങളിലും ഒരു ഇന്ത്യൻ താരം വീതം ഫൈനലിലെത്തുമെന്ന് ഉറപ്പായി.
ഷൂട്ടിങ്ങിൽ നിരാശ
2 ദിവസത്തിനിടെ 4 മെഡലുകൾനേടിത്തന്ന ഷൂട്ടിങ് റേഞ്ചിൽ ഇന്നലെ ഇന്ത്യയ്ക്കു നിരാശയുടെ ദിവസമായിരുന്നു. ആദ്യദിനം 10 മീറ്റർ എയർറൈഫിൾ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അവനി ലെഖാരയ്ക്ക് മിക്സ്ഡ് 10 മീറ്റർ എയർ റൈഫിൾ പ്രോൺ ഇനത്തിൽ ഫൈനലിലെത്താനായില്ല. യോഗ്യതാ റൗണ്ടിൽ അവനിക്ക് 11–ാം സ്ഥാനവും മലയാളി താരം സിദ്ധാർഥ ബാബുവിന് 28–ാം സ്ഥാനവുമാണ് നേടാനായത്. അത്‍ലറ്റിക്സിൽ പുരുഷൻമാരുടെ എഫ് 40 വിഭാഗം ഷോട്പുട്ടിൽ കരിയറിലെ മികച്ച പ്രകടനം നടത്തിയെങ്കിലും (10.63 മീറ്റർ) ഇന്ത്യയുടെ രവി രംഗോലി അഞ്ചാംസ്ഥാനത്തായി.