ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ദ.കൊറിയയെയും വീഴ്ത്തി ഇന്ത്യ; ഹർമൻപ്രീത് 200 ഗോൾ പിന്നിട്ടു
Mail This Article
ബെയ്ജിങ് ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ ഏറ്റവും കടുത്തപോരാട്ടം നേരിട്ട മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോൾ നേടി.
9, 43 മിനിറ്റുകളിലായി പെനൽറ്റി കോർണറിൽനിന്നാണ് ഹർമൻപ്രീത് ലക്ഷ്യം കണ്ടത്. ഇതോടെ ഹർമൻപ്രീതിന്റെ ആകെ ഗോൾനേട്ടം 200 കടക്കുകയും ചെയ്തു. ഇന്ത്യയുടെ മറ്റൊരു ഗോൾ എട്ടാം മിനിറ്റിൽ അർജീത് സിങ് ഹുൻഡാൽ നേടി.
ടൂർണമെന്റിൽ ഇന്ത്യ നേരത്തേ തന്നെ സെമിഫൈനൽ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ മലേഷ്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. മലേഷ്യയെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.
അതിനു മുൻപ് ആതിഥേയരായ ചൈനയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇനി ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.