ഡബിളടിച്ച് ഹർമൻപ്രീത്, ദക്ഷിണകൊറിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ; എതിരാളി ചൈന
Mail This Article
ബെയ്ജിങ്∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. 19,45 മിനിറ്റുകളിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വല കുലുക്കിയത്.
ഉത്തം സിങ് (13–ാം മിനിറ്റ്), ജർമൻപ്രീത് സിങ് (32) എന്നിവരും ലക്ഷ്യം കണ്ടു. 33–ാം മിനിറ്റിലെ യാൻ ജി ഹുനാണ് ദക്ഷിണ കൊറിയയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ഫൈനലിൽ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തിൽ ചൈനയെ ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപിച്ചിരുന്നു.
സെമി ഫൈനലിൽ പാക്കിസ്ഥാനെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ചൈന ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു പോകുകയായിരുന്നു. ഷൂട്ടൗട്ടിൽ 2–0ന് ആയിരുന്നു ചൈനയുടെ വിജയം. ചൊവ്വാഴ്ചയാണ് ഫൈനൽ പോരാട്ടം.