പിക്കിൾ ബോൾ വേൾഡ് റാങ്കിങ് പോരാട്ടങ്ങൾ ന്യൂഡൽഹിയിൽ

Mail This Article
ന്യൂഡൽഹി∙ പിക്കിൾ ബോൾ വേൾഡ് റാങ്കിങ് മത്സരങ്ങൾക്കു വേദിയാകാൻ ന്യൂഡൽഹി. പിക്കിൾ ബോൾ വേൾഡ് റാങ്കിങ് ഡിയുപിആർ ഇന്ത്യ മാസ്റ്റേഴ്സ് പോരാട്ടങ്ങൾ ഒക്ടോബർ 24 മുതൽ 27 വരെ ഡൽഹിയിലെ ആർ.കെ. ഖന്ന ടെന്നിസ് സ്റ്റേഡിയത്തിലാണു നടക്കുക. രാജ്യാന്തര താരങ്ങളായ ഡസ്റ്റിൻ ബോയർ (യുഎസ്), ഫുക് ഹ്യുൻ (യുഎസ്), മിച്ച് ഹാര്‍ഗ്രീവ്സ് (ഓസ്ട്രേലിയ), എമിലിയ ഷ്മിത് (ഓസ്ട്രേലിയ), റൂസ് വാൻ റീക് (നെതർലൻഡ്സ്), പെയ് ചുവാൻ കവോ (ചൈനീസ് തായ്പേയ്) തുടങ്ങി എഴുനൂറിലേറെ താരങ്ങള്‍ മത്സരിക്കാനിറങ്ങും.
ഇന്ത്യൻ മുൻനിര താരങ്ങളായ അർമാൻ ഭാട്യ, ആദിത്യ റുഹേല എന്നിവരും പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. പിക്കിൾ ബോളിന്റെ വളർച്ചയിൽ നാഴികക്കല്ലാകുന്ന ടൂര്‍ണമെന്റാകും ഇതെന്ന് പിക്കിൾബോൾ വേൾഡ് റാങ്കിങ് സിഇഒ പ്രണവ് കോലി പ്രതികരിച്ചു. ‘‘ ഇത് പ്രഫഷനലുകൾക്ക് മത്സരിക്കാനും റാങ്കിങ് പോയിന്റുകൾ നേടാനുമുള്ള വേദി മാത്രമല്ല, മറിച്ച് പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള അവസരം കൂടിയാണ്.’’– പ്രണവ് കോലി വ്യക്തമാക്കി.

ടെന്നിസ്, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ് എന്നിവയ്ക്കു സമാനമായ ഗെയിമാണ് പിക്കിൾബോൾ. ടെന്നിസിന് ഉപയോഗിക്കുന്നതിനേക്കാള്‍ ചെറിയ കോർട്ടില്‍ സിംഗിൾസ്, ഡബിൾസ് ഇനങ്ങളിലാണു മത്സരങ്ങൾ. ടേബിൾ ടെന്നിസിന്റേതിനു സമാനമായ ചെറിയ ബാറ്റുകളും പ്ലാസ്റ്റിക് പന്തുകളുമുപയോഗിച്ചാണു കളിക്കേണ്ടത്. സ്കോറിങ് സിസ്റ്റവും ടേബിൾ ടെന്നിസിലേതുപോലെയാണ്. രണ്ടു പോയിന്റ് വ്യത്യാസത്തില്‍ 11 പോയിന്റായാൽ ഒരു സെറ്റ് വിജയിക്കാം. അമച്വർ, പ്രഫഷനൽ തലത്തിൽ പിക്കിൾ ബോൾ മത്സരങ്ങൾ നടത്താറുണ്ട്.