പിക്കിൾ ബോൾ: അർമാൻ ഭാട്ടിയയ്ക്ക് ഇരട്ടക്കിരീടം
Mail This Article
ന്യൂഡൽഹി ∙ പിക്കിൾ ബോൾ വേൾഡ് റാങ്കിങ് (പിഡബ്ല്യുആർ) ഡിയുപിആർ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഇന്ത്യൻതാരം അർമാൻ ഭാട്ടിയയ്ക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗം സിംഗിൾസിൽ ടോപ് സീഡ് യുഎസ് താരം ഡസ്റ്റി ബോയറെ തോൽപിച്ച് ജേതാവായ അർമാൻ മിക്സ്ഡ് ഡബിൾസിൽ നെതലൻഡ്സ് താരം റോസ് വാൻ റീക്കുമായി ചേർന്ന് കിരീടം നേടി.
സിംഗിൾസിൽ ഡച്ച് താരം ബോയർക്കെതിരെ ഒന്നിനെതിരെ 2 സെറ്റുകൾക്കാണ് അർമാന്റെ ജയം (11–8, 9–11, 11–8).
ആദ്യ സെറ്റിൽ പതിയെ കളം പിടിച്ച ഡസ്റ്റി ബോയർ 6–3 എന്ന നിലയിൽ ലീഡ് നേടി. എന്നാൽ തിരിച്ചടിച്ച അർമാൻ 11–8 എന്ന നിലയിൽ സെറ്റ് സ്വന്തമാക്കി.
ഇന്ത്യൻ താരത്തിന്റെ പിഴവുകൾ മുതലെടുത്ത ബോയർ 9–11നു രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിൽ 0–8 എന്ന നിലയിൽ ബോയർ മുന്നിലെത്തിയിരുന്നു. എന്നാൽ തിരിച്ചടിച്ച അർമാൻ 11–8 എന്ന നിലയിൽ സെറ്റും വിജയവും നേടിയെടുത്തു.
മിക്സ്ഡ് ഡബിൾസിൽ ഓസ്ട്രേലിയൻ സഖ്യം ജോർജ് വെൽ–ഡാന്നി എല്ലി ടൗൻസെൻഡ് സഖ്യത്തെയാണു അർമാനും റോസ് വാൻ റീക്കും പരാജയപ്പെടുത്തിയത് (11–5, 10–11, 11–1). വനിതാ വിഭാഗം സിംഗിൾസിൽ യുഎസ് താരം സോഫിയ സ്വീങ്ങാണു ജേതാവ്. ടോപ് സീഡായ തായ്പേയ് താരം പെയ് ചുവാൻ കാവോയെ 11–3, 11–2 എന്ന സ്കോറിനാണു തോൽപിച്ചത്.