എ പ്ലസ് വേണം; സയൻസിലും സ്പോർട്സ് സയൻസിലും: ഭാവി ഒളിംപ്യന്മാർക്ക് ഒരുപിടി ഉപദേശങ്ങളുമായി മുൻ ഒളിംപ്യൻമാർ
Mail This Article
കൊച്ചി ∙ ‘‘ഹർഡിൽസ് ചെയ്യുന്നവർ ഹോപ്പും സ്റ്റെപ്പും കൃത്യമായി പ്രാക്ടീസ് ചെയ്യണം. 110 മീറ്റർ ഹർഡിൽസാണ് ചെയ്യുന്നതെങ്കിലും 400 മീറ്റർ ഹർഡിൽസും പ്രാക്ടീസ് ചെയ്യണം ’’– എംഡി.വൽസമ്മ ‘‘ദയവായി രാത്രി 10 മണിക്കു നിങ്ങൾ ഉറങ്ങണം. അതിനുശേഷം മൊബൈൽ കാഴ്ച വേണ്ട. രാവിലെ ഉറങ്ങാത്ത കുട്ടികളുടെ പൾസ് കൃത്യമായി അറിയാനാകും ’’– മേഴ്സി കുട്ടൻ.
‘‘നമ്മുടെ ദൗർബല്യങ്ങൾ നമ്മൾ തന്നെ കണ്ടെത്തണം. യുട്യൂബിൽ ലോകോത്തര അത്‌ലീറ്റുകളുടെ പ്രകടനം കാണണം. ലക്ഷ്യത്തിലേക്കു ഫോക്കസ്ഡ് ആയിരിക്കണം.’’– കെ.എം.ബിനു.
സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് പ്രകടനം നടത്തിയ താരങ്ങളും ഒളിംപ്യന്മാരുമായി മലയാള മനോരമ ഒരുക്കിയ ‘കോഫി വിത് സ്റ്റാർസ്’ വേദിയിൽനിന്നാണ് ഭാവിയിലെ കുതിപ്പിന് ഊർജമായി മാറുന്ന ഈ നിർദേശങ്ങൾ.
ചടങ്ങിൽ പങ്കെടുത്തവരിൽ വിജയ് കൃഷ്ണൻ 110 മീറ്റർ ഹർഡിൽസ് റെക്കോർഡോടെ സ്വർണമെഡൽ നേടിയപ്പോൾ എസ്.ഷാഹുൽ ഇതേ ഇനത്തിൽ രണ്ടാം സ്ഥാനത്തെത്തി. പഴയ റെക്കോർഡിനെ മറികടന്ന പ്രകടനമായിരുന്നു ഷാഹുലിന്റേതും. തൃശൂർ കാൽഡിയൻ സിറിയൻ സ്കൂൾ വിദ്യാർഥിയാണ് വിജയതൃഷ്ണയോടെ മീറ്റിലെത്തിയ വിജയ്.
ഷാഹുൽ പാലക്കാട് വടവന്നൂർ വി.എംഎച്ച്എസ്എസ് വിദ്യാർഥിയും. ഷോട്പുട്ടിലും ഡിസ്കസിലും മീറ്റ് റെക്കോർഡ് പുതുക്കിയ കെ.സി.സർവാൻ മിന്നും പ്രകടനത്തിന്റെ തിളക്കവുമായാണ് എത്തിയത്. കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസ് വിദ്യാർഥിയാണ് ചെറുവത്തൂർ കെ.സി.ത്രോസ് അക്കാദമിയുടെ താരമായ സർവാൻ.
ഈ ആധുനികകാലത്ത് സ്പോർട്സെന്നാൽ സയൻസ് കൂടിയാണെന്നും ഒളിംപ്യൻമാർ ചൂണ്ടിക്കാട്ടി. അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. ശാരീരികമായ ഫിറ്റ്നസ് പോലെ പ്രധാനമാണ് മെന്റൽ ഫിറ്റ്നസും മോട്ടിവേഷനും. സീനിയേഴ്സിനോട് ഇടപഴകി സംശയങ്ങൾ പരിഹരിക്കണമെന്നും സ്വന്തം പ്രകടനങ്ങളുടെ വിഡിയോ കണ്ട് ഇംപ്രൂവ് ചെയ്യണമെന്നും ഒളിംപ്യന്മാർ കുട്ടികളെ ഉപദേശിച്ചു. ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി മുന്നോട്ടു കുതിച്ചപ്പോഴാണ് പറക്കും സിഖ് മിൽഖാ സിങ്ങിന്റെ റെക്കോർഡ് തിരുത്താനായതെന്ന് കെ.എം. ബിനു ചൂണ്ടിക്കാട്ടി.
പഠനവും സ്പോർട്സും ഒരു പോലെ കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം വൽസമ്മയും മേഴ്സി കുട്ടനും എടുത്തു പറഞ്ഞു. എല്ലാറ്റിനും എ പ്ലസുമായാണ് തന്റെ കുട്ടികളിൽ പലരും മുന്നോട്ടു കുതിക്കുന്നതെന്നും മേഴ്സി കുട്ടൻ ചൂണ്ടിക്കാട്ടി.