ADVERTISEMENT

ഡിങ് ലിറനും ഡി. ഗുകേഷും തമ്മിലുള്ള, ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം ഗെയിമിൽ 43 നീക്കങ്ങളിൽ സമനില. സ്കോർ തുല്യം (2-2). അഞ്ചാം ഗെയിം ഇന്നു നടക്കും. വെള്ളക്കരുക്കളുമായിറങ്ങിയ ലോക ചാംപ്യൻ ഡിങ് ലിറൻ പതിവില്ലാത്ത നീക്കങ്ങളുമായാണ് തുടങ്ങിയത്. തുടക്കത്തിൽ എതിരാളിയെ അത്ഭുതപ്പെടുത്തുക എന്നതായിരുന്നു ഡിങ്ങിന്റെ ലക്ഷ്യം. സാധാരണ കറുപ്പു കരുക്കളുമായി ഇറങ്ങുന്നവർ അവലംബിക്കുന്ന പ്രാരംഭം- ക്വീൻസ് ഇന്ത്യൻ ഡിഫൻസ്. ഇക്കാലത്ത് ലോക ചാംപ്യൻഷിപ്പിൽ ഇങ്ങനെയുള്ള വേഷംമാറിക്കളി പതിവെന്ന് കമന്ററി റൂമിൽ ഹംഗേറിയൻ ഗ്രാൻഡ്മാസ്റ്റർ ജൂഡിത് പോൾഗർ.

‘‘ആദ്യനീക്കങ്ങൾ എന്നെ ചെറുതായി അത്ഭുതപ്പെടുത്തി. നേരത്തേ തയാറെടുത്തിട്ടില്ലാത്ത കരുനിലയിൽ ഞാൻ നന്നായി കളിച്ചുവെന്നാണ് തോന്നൽ’’–മത്സരശേഷം ഗുകേഷ് പറഞ്ഞു.

13–ാം നീക്കത്തോടെ ഇരുവർക്കും പ്രത്യേക ആനൂകൂല്യമില്ലാത്ത നില എന്നായിരുന്നു ചെസ് എൻജിനുകളുടെ വിലയിരുത്തൽ. എന്നാൽ, മനുഷ്യർ കളിക്കുന്ന കാഴ്ചപ്പാടിൽ നോക്കിയാൽ വ്യത്യസ്തമായ പ്ലാൻ ഉണ്ടാക്കാൻ ഡിങ്ങിനാണ് സാധ്യത കൂടുതലെന്നു മുൻ വനിതാ ലോക ചാംപ്യൻ അലക്സാന്ദ്ര കോസ്റ്റന്യൂക് പറഞ്ഞു.

കണക്കൂട്ടാനുള്ള കഴിവും അന്തർജ്ഞാനവും പരിചയസമ്പത്തുമെല്ലാം പരീക്ഷിക്കപ്പെടുന്ന പൊസിഷൻ. നമ്മൾ കാണുന്നതിലും ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും കളിക്കാരുടെ മനസ്സിൽ- അലക്സാന്ദ്ര പറഞ്ഞു. അതെ എന്നുറപ്പിക്കും മട്ടിൽ ഗുകേഷിന്റെ കണ്ണുകളുടെ ചലനം കണക്കുകൂട്ടലിന്റെ ലക്ഷണമായുറപ്പിച്ചു, പഴയ വനിതാ ലോക ചാംപ്യൻ.

ആദ്യസമയക്രമത്തിലെ 40 നീക്കങ്ങൾക്ക് അനുവദിച്ചതിന്റെ പകുതി സമയം എടുത്തുകഴിഞ്ഞിരുന്നു രണ്ടുപേരും അപ്പോഴേക്കും. 14–ാം നീക്കത്തിൽ രാജാവിന്റെ വശത്ത് കാലാളുകളെ തള്ളി മുന്നേറ്റം നടത്തണോ അതോ രാജ്‍ഞിയുടെ വശം തുറക്കണോ എന്ന കാര്യത്തിൽ ഡിങ് ആലോചനയിലാണ്ടു. ഒടുവിൽ രണ്ടാമത്തേതു മതി എന്നു തീരുമാനവും വന്നു.

16–ാം നീക്കത്തിൽ ഡി 4 കളത്തിൽ ഇരിക്കുന്ന തന്റെ കുതിരയെ എഫ് 3 കളത്തിലേക്കു ഡിങ് പുനർവിന്യസിച്ചത് കമന്ററി മുറിയിൽ ജൂഡിത് പോൾഗറിനെ അത്ഭുതപ്പെടുത്തി. അതു ഗുകേഷിന്റെ കാലാൾ മുന്നേറ്റം പേടിച്ചായിരുന്നെന്നും ജൂഡിത് വിലയിരുത്തി.

പതിനാറാം നീക്കത്തോടെ കളിക്കു വേഗമേറി. ഇരുവരും തുടങ്ങിയ കരുക്കൾ വെട്ടിമാറ്റൽ അവസാനിച്ചത് 26–ാം നീക്കത്തിലാണ്. കളിക്കിടെ ഒരു നീക്കം കഴിഞ്ഞാൽ കളിക്കാരൻ കസേരയിൽനിന്ന് എണീറ്റുപോകുന്നത് സാധാരണമാണെങ്കിലും ഒരുവേള ഇരുസീറ്റുകളും കളിക്കാരില്ലാതെ അനാഥമായിക്കിടന്നു-കളിയിലെ ദുരൂഹതകൾ അവസാനിച്ചപോലെ!

കളി സമനിലയിലേക്ക് അടുക്കുമ്പോൾ 30-ാം നീക്കത്തിൽ ഗുകേഷ് മനശ്ശാസ്ത്രപരമായ ബോംബ് പൊട്ടിച്ചു. രാജാവിന്റെ വശത്തെ കാലാളിനെ രണ്ടു കളം തള്ളി (എഫ്5) താൻ പ്രതിരോധിച്ച് ഇരിക്കാൻ തയാറല്ലെന്നും വേണമെങ്കിൽ ഒരുപടി കടന്ന് അന്ത്യഘട്ട പോരാട്ടത്തിനു തയാറെന്നുമുള്ള സൂചനയായിരുന്നു അത്. എന്നാൽ, ആ വെല്ലുവിളി ഏറ്റെടുക്കാൻ ഡിങ് തയാറായില്ല. രാജാവും റൂക്കും മൂന്നു കാലാളുമുള്ള കരുനിലയിൽ ഒരേ പൊസിഷൻ മൂന്നുതവണ ആവർത്തിച്ച് ഇരുവരും സമനില സമ്മതിച്ചു.

ആദ്യ നീക്കം നടത്തി ആനന്ദും ഷീ ജുന്നും 

നാലാം ഗെയിമിൽ കളി തുടങ്ങും മുൻപ് ആദ്യ നീക്കങ്ങൾ നടത്തിയത് രണ്ടു മുൻ ലോകചാംപ്യൻമാർ. നാലുതവണ വനിതാ ലോക ചാംപ്യനായ ഷീ ജുനാണ് ഡിങ്ങിനു വേണ്ടി ആദ്യ നീക്കം നടത്തിയത്. ഗുകേഷിനുവേണ്ടി അഞ്ചുതവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദും. രാജ്ഞിയുടെ മുന്നിലുള്ള കാലാളെ നീക്കുകയായിരുന്നു ഇരുവരും ചെയ്തതെങ്കിലും അതിനോട് ഒരു സാമ്യവുമില്ലാത്ത നീക്കവുമായാണ് ഡിങ്ങും ഗുകേഷും കളി തുടങ്ങിയത്.

English Summary:

World Chess Championship: Ding Liren and D Gukesh battle to a draw in a tense Game 4 of the World Chess Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com