ഭക്ഷണ അലവൻസ് കുടിശിക: 3 കോടി അനുവദിച്ചു
Mail This Article
തിരുവനന്തപുരം ∙ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെയും അക്കാദമികളിലെയും കുട്ടികൾക്കുള്ള ഭക്ഷണ അലവൻസ് കുടിശിക വീട്ടാൻ 3 കോടി രൂപ അനുവദിച്ചതായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. അടുത്ത ആഴ്ച മുതൽ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 5 മാസത്തെ കുടിശിക വീട്ടാൻ 7.13 കോടിയോളം വേണ്ടിടത്താണ് 3 കോടി അനുവദിച്ചിരിക്കുന്നത്. 84 ഹോസ്റ്റലുകളിലായി 1902 താരങ്ങളാണുള്ളത്. 250 രൂപ വീതമാണ് ഇവരുടെ പ്രതിദിന ഭക്ഷണ അലവൻസ്. ഈ ഇനത്തിൽ ഒരു മാസം 1.42 കോടി രൂപയാണ് സർക്കാർ നൽകേണ്ടത്.
കഴിഞ്ഞ ജൂൺ മുതലുള്ള ഭക്ഷണ അലവൻസാണ് കുടിശികയായത്. വലിയ കായിക നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ ഹോസ്റ്റലിലെ താരങ്ങൾക്കു ഭക്ഷണ അലവൻസ് പോലും നൽകാത്തതും സ്പോർട്സ് കിറ്റ് വിതരണം 2 വർഷമായി മുടങ്ങിയതും മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കായികം കടം സങ്കടം’ പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നു സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തു കെട്ടിക്കിടന്ന സ്പോർട്സ് കിറ്റുകൾ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. പിന്നാലെയാണ് ഭക്ഷണ കുടിശിക വീട്ടാൻ പണം അനുവദിച്ചിരിക്കുന്നത്.