വേഗപ്പോരിന് അരങ്ങൊരുങ്ങി
Mail This Article
കൊച്ചി ∙ ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള ബൈക്ക് റൈഡർമാരുടെയും കാണികളുടെയും ആകർഷണമായ എംആർഎഫ് മോഗ്രിപ് സൂപ്പർ ക്രോസ് ബൈക്ക് റേസിന്റെ ആവേശകരമായ അവസാന പാദം ഇന്നു കളമശ്ശേരി ഫാക്ടിലെ ട്രാക്കിൽ. ആറാമത്തെയും അവസാനത്തേതുമായ പാദമാണു ഫാക്ട് വളപ്പിൽ സജ്ജമാക്കിയ പ്രത്യേക ട്രാക്കിൽ അരങ്ങേറുന്നത്. വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണു മത്സരം. മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. കാണികൾക്കു പ്രവേശനം സൗജന്യം.
ചാംപ്യൻഷിപ് കിരീടപ്പോരിൽ മുന്നിലുള്ള ശ്ലോക് ഘോർപഡെയും ഇക്‌ഷാൻ ഷാൻബാഗും തമ്മിലുള്ള തീപ്പൊരി റേസിനായാണ് ആരാധകരുടെ കാത്തിരിപ്പ്. അവസാന രണ്ടു റൗണ്ടുകളിൽ ജയിച്ചതു ഇക്‌ഷാനാണ്. കെടിഎം ഫാക്ടറി, ടിവിഎസ്, ഹീറോ തുടങ്ങിയ ടീമുകളിലായി 60 റൈഡർമാർ വേഗപ്പോരിന് ഇറങ്ങും. കാണികൾക്കു കാഴ്ചയുടെ ആവേശ വിരുന്നൊരുക്കാൻ വിദേശത്തു നിന്നുള്ള ഫ്രീസ്റ്റൈൽ മോട്ടർക്രോസ് (എഫ്എംഎക്സ്) അഭ്യാസികളുടെ ബൈക്ക് സ്റ്റണ്ട് പ്രകടനവുമുണ്ടാകും. ഓഫ് റോഡ് സൂപ്പർ ക്രോസിൽ രാജ്യത്തെ ഒന്നാം നിര ചാംപ്യൻഷിപ്പായ എംആർഎഫ് റേസിന് ആരാധകരുമേറെയാണ്. മുൻപ് ബറോഡ അകോട്ട സ്റ്റേഡിയത്തിൽ നടന്ന റേസിനു സാക്ഷ്യം വഹിച്ചത് 25,000 ത്തിലേറെപ്പേരാണ്. മോട്ടർ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പ്രമോട്ടറായ ഗോഡ്സ്പീഡ്, കേരളീയം മോട്ടർ സ്പോർട്സ് അസോസിയേഷന്റെയും ബാൻഡിഡോസ് മോട്ടർസ്പോർട്സിന്റെയും സഹകരണത്തോടെയാണു റേസ് സംഘടിപ്പിക്കുന്നത്.