പതിയെ തുടക്കം, തിടുക്കത്തിൽ ഒരാക്രമണം, തന്ത്രം പിഴച്ചപ്പോൾ ശ്രദ്ധയോടെ പ്രതിരോധം-കളിയുടെ വിവിധ ഭാവങ്ങളെ അതിവൈകാരികതയില്ലാതെ ഇന്ത്യൻ താരം ഡി.ഗുകേഷ് നേരിട്ടപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടുമൊരു സമനില. അഞ്ചാം ഗെയിം 40 നീക്കങ്ങളിൽ അവസാനിച്ചപ്പോൾ സ്കോർ തുല്യം (2.5-2.5). 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ഇനി 9 ഗെയിം ബാക്കി. ആറാം ഗെയിം ഇന്നു നടക്കും.

വേദിയിൽ ആദ്യം എത്തിയത് ചൈനീസ് താരം ഡിങ് ലിറനായിരുന്നു. വൈകാതെയെത്തിയ ഗുകേഷ് കസേരയുടെ ഉയരം ഒന്നുകൂട്ടി. സിംഗപ്പൂരിലെ മന്ത്രി ഷൺമുഖത്തിന്റെ വക സെറിമോണിയൽ ഫസ്റ്റ് മൂവ്. അതിനുശേഷം കൈകൊടുത്ത് കളിക്കാർ വീണ്ടും ഫ്രഞ്ച് പ്രതിരോധത്തിലേക്ക്. ആദ്യ കളിയിൽനിന്നു വഴിമാറി എക്സ്ചേഞ്ച് വേരിയേഷൻ. ‘മാച്ചിൽ ഇതിനകമുണ്ടായ ഏറ്റവും വലിയ ഷോക്ക്’ എന്ന് ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ ജൂ‍‍ഡിത് പോൾഗർ. ഒൻപതാം നീക്കത്തിൽ രണ്ടുപേരും രാ‍ജ്ഞിയെ വെട്ടിമാറ്റാൻ തീരുമാനമെടുത്തു. നേരിട്ടുള്ള ആക്രമണത്തിലുപരി താത്വികമായ ചർച്ചകളായി പിന്നെ കളത്തിൽ. ‘രണ്ടുപേരുടെയും കളിക്കുമുമുൻപുള്ള ശീലങ്ങളിൽ വ്യത്യാസമുണ്ട്. ഗുകേഷ് മറ്റൊരു ഗ്രഹത്തിലാണെന്നു തോന്നും..’– ധ്യാനനിരതനായ ഗുകേഷിനെ നോക്കി ജൂഡിത് പറഞ്ഞു.

ഗുകേഷിന്റെ പതിനാലാം നീക്കത്തോടെ ചിന്തയിലാണ്ടു ഡിങ്. മറുപടി നൽകാൻ 33 മിനിറ്റുമെടുത്തു. കാലാളെ നീക്കിയുള്ള ഡിങ്ങിന്റെ മറുപടിക്ക് ബിഷപ്പിനെ മാറ്റി ഉടൻ മറുപടി. എന്നാൽ ഡിങ്ങിന്റെ അടുത്ത നീക്കത്തിനു മറുപടി നൽകാൻ ഗുകേഷ് സമയമെടുത്തു. ഇരുവരും നീക്കങ്ങൾക്ക് ഏറെ സമയമെടുത്തതോടെ സമയസമ്മർദത്തിലേക്ക് നീങ്ങുന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഔദ്യോഗിക കമന്ററി റൂമിൽ ബ്രിട്ടിഷ് ഗ്രാൻഡ് മാസ്റ്റർ ഡേവിഡ് ഹോവൽ അഭിപ്രായപ്പെട്ടു. രണ്ടുപേരും എതിരാളിയുടെ പ്രാരംഭനീക്കങ്ങൾ പ്രതീക്ഷിച്ചില്ലെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഇത്.

17–ാം നീക്കത്തിൽ രാജാവിന്റെ വശംതുറന്ന് കാലാളെ രണ്ടുകളം തള്ളി ഗുകേഷ്. നീക്കത്തെക്കുറിച്ച് ഗ്രാൻഡ് മാസ്റ്റർമാർക്കിടയിൽ എതിരഭിപ്രായമുണ്ടായിരുന്നെങ്കിലും അതിന്റെ സർപ്രൈസ് വാല്യു ആരും തള്ളിക്കളഞ്ഞില്ല. കളി ഏതെങ്കിലും വഴിത്തിരിവിലേക്കു നീങ്ങുമോ അതോ സമനിലസാധ്യതകളാണോ മുന്നിൽ എന്നു രണ്ടു മൂന്നു നീക്കങ്ങൾക്കുള്ളിൽ അറിയാമെന്നായിരുന്നു പൊതു അഭിപ്രായം.

കളിയുടെ നിയമപുസ്തകങ്ങളെ ലംഘിച്ച് പുതിയ ഊർജത്തെ കളിയിലേക്ക് ആവാഹിച്ചായിരുന്നു ഗുകേഷിന്റെ നീക്കങ്ങൾ. അതിനായി തന്ത്രങ്ങളെ സമയോചിതമായി മാറ്റുന്നതിൽ ഗുകേഷിന് മടിയുണ്ടായില്ല. എന്നാൽ മധ്യകളത്തിലെ കാലാളിനെ കാലാൾ കൊണ്ടു വെട്ടിയെടുത്തതിൽ ഗുകേഷിനു പിഴച്ചെന്ന് കംപ്യൂട്ടർ വിലയിരുത്തി. റൂക്കു കൊണ്ട് വെട്ടുന്നതാണ് ചെസ് എൻജിനുകൾ അനുകൂലിച്ചത്. കളിക്കുശേഷം തനിക്കു പിഴച്ചെന്ന് ഗുകേഷും പറഞ്ഞു. 23–ാം നീക്കത്തിൽ കുതിരയെ എതിർപാളയത്തിൽ വിന്യസിച്ച് ഡിങ് മുൻതൂക്കം പിടിച്ചെടുത്തു. ഡിങ്ങിന്റെ ശരീരഭാഷയിലും അതു പ്രകടമായിരുന്നു.

ചിന്ത പതിയെ ഗുകേഷിന്റെ സമയത്തെ കാർന്നുതിന്നുകൊണ്ടിരുന്നു. എന്നാൽ, നാലു നീക്കങ്ങൾക്കു ശേഷം കമന്റേറ്റർമാർ ചിന്തിക്കുക പോലും ചെയ്യാത്ത റൂക്ക് നീക്കത്തോടെ തന്റെ പാളയത്തിൽ മുന്നേറാനുള്ള എതിരാളിയുടെ തന്ത്രത്തിന് ഗുകേഷ് തടയിട്ടു. ഏതാനും നീക്കത്തിനു ശേഷം ഒരേ കരുനില മൂന്നുതവണ ആവർത്തിച്ച്, അനിവാര്യമായ സമനില പിറന്നു.

English Summary:

World chess championship: D Gukesh-Ding Liren fifth game ended in draw