പിന്നണിയിലെ മുന്നണി; ഗുകേഷിനും ഡിങ് ലിറനും പിന്നണിയിൽ തന്ത്രം മെനയുന്ന രണ്ടു പ്രമുഖർ: ഗജേവ്സ്കിയും റിച്ചഡ് റാപ്പോർട്ടും

Mail This Article
സിംഗപ്പൂർ ∙ നിശ്ശബ്ദത പാലിക്കുക എന്ന ബോർഡുമായി നിൽക്കുന്നവർക്കിടയിലൂടെ ആദ്യം കയറിവന്നത് ഡിങ് ലിറനാണ്. അമ്മയും പ്രധാന പരിശീലന സഹായി (സെക്കൻഡ്) റിച്ചഡ് റാപ്പോർട്ടും ഒപ്പമുണ്ട്. പൊതുവേ വർണശബളമായ മുറിക്കാലുറ ധരിച്ചെത്തുന്ന റിച്ചഡ് ഇത്തവണ മുഴുവൻ പീസിലുമാണ്. അഴകുള്ള മുടി കോടിയൊതുക്കി ഹംഗറിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായ റിച്ചഡ് റാപ്പോർട്ട്.
നിമിഷങ്ങൾക്കു ശേഷം കാണികൾക്കിടയിൽ ഒരാരവം. ‘‘കമോൺ ഗുകേഷ്, കമോൺ ഗുകേഷ്.’’ തിടുക്കം കുറയ്ക്കാതെ ഗുകേഷ് അകത്തേക്ക്. എലിവേറ്ററിൽനിന്നു കളി നടക്കുന്ന വേദിയിലേക്കു ഗുകേഷ് ഇത്തവണ പതിവിലും കുറച്ചു സമയമേ എടുത്തുള്ളൂവെന്ന് കമന്റുയർന്നു. ഈ ദൃശ്യം കാണാൻ നിന്നവരും ടിക്കറ്റെടുത്ത് അതുവരെ അകത്തു കടക്കാത്തവരും ഉള്ളിലേക്ക്.

സെക്കൻഡ്സ് എന്നു വിളിക്കപ്പെടുന്ന, ടീമിലെ പിന്നണിക്കാർക്കു ചാംപ്യൻഷിപ് നടക്കുമ്പോൾ പിടിപ്പതു പണിയുണ്ട്. ഏതു പ്രാരംഭം കളിക്കണം, എതിരാളിയുടെ ബലവും ദൗർബല്യവും എന്ത്, മത്സരത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ തന്ത്രങ്ങൾ എന്ത്-അങ്ങനെയങ്ങനെ. ചാംപ്യൻഷിപ് കഴിയുമ്പോൾ മാത്രമേ ആരാണു പിന്നണിയിൽ പ്രവർത്തിച്ചതെന്നു പലരും തിരിച്ചറിയാറൂള്ളൂ. അതുവരെ പരമ രഹസ്യം. ഒരു പ്രത്യേക കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തിയത് പുറത്തുവിട്ടാൽ അയാളുടെ തന്ത്രങ്ങളും പ്രാരംഭത്തിലെ അറിവുമെല്ലാം എതിരാളി മുൻകൂട്ടി പഠിക്കുമെന്നതുതന്നെ കാരണം. കുറെക്കാലമായി കൂടെയുള്ള ഡിങ്ങിന്റെയും ഗുകേഷിന്റെയും പ്രധാന സെക്കൻഡുകളെക്കുറിച്ച് മാത്രമാണ് ഇപ്പോൾ പുറത്തറിവ്.
റാപ്പോർട്ടിനെപ്പോലെയല്ല ഗുകേഷിന്റെ പ്രധാന സെക്കൻഡ് ഗ്രിഗോറിസ് ഗജേവ്സ്കി. വേദിക്കു പരിസരത്തു കാണാറില്ല. പോളണ്ടിൽനിന്നുള്ള ഗ്രാൻഡ്മാസ്റ്ററാണ് ഗജേവ്സ്കി. പ്രാരംഭ നീക്കങ്ങളിൽ കാലാളെ ബലി നൽകുന്നതിൽ പേരു കേട്ടയാൾ. ചെസിലെ ഒരു പ്രത്യേക കരുനിലയിലെ കാലാൾ ബലി ഇന്നറിയപ്പെടുന്നത് ഈ മുപ്പത്തൊമ്പതുകാരന്റെ പേരിലാണ്. നേരത്തേ, മാഗ്നസ് കാൾസനെതിരായ 2013 ലോക ചാംപ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന്റെ സെക്കൻഡായിരുന്നു ഗജേവ്സ്കി. ഇതേസമയം കമന്ററി മുറിയിലുള്ള ഡോവിഡ് ഹോവൽ ഒരു കഥ പറഞ്ഞു. ഒരു ടൂർണമെന്റിൽ ഗജേവ്സ്കിയുടെ കാലാൾ ബലി തന്നെ ചിന്തയിലാഴ്ത്തിയത് 30 മിനിറ്റാണ്. ഗുകേഷിലും ആ സ്വാധീനമുണ്ടാവുക സ്വാഭാവികം. ഡേവിഡ് പറഞ്ഞു.
ഗുകേഷിന്റെ ടീമിലെ പ്രധാനഘടകമാണ് ഗജേവ്സ്കി. ആനന്ദിന്റെ വെസ്റ്റ്ബ്രിജ് ചെസ് അക്കാദമിയിൽ ഗുകേഷ്, അർജുൻ എരിഗെയ്സി, പ്രഗ്നാനന്ദ എന്നിവരുമായി അടുത്തു പ്രവർത്തിച്ചിരുന്നു ഗജേവ്സ്കി. ഗുകേഷ് വലിയ മത്സരങ്ങളിലേക്ക് എത്തിയപ്പോൾ ആനന്ദ് വഴിയാണ് ഗജേവ്സ്കി ഗുകേഷിന്റെ ടീമിലെത്തിയതും. ‘‘ഗജു എന്റെ ചക്രവാളങ്ങൾ വിശാലമാക്കി’’ എന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം.