സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ ഞെട്ടിച്ച് ഇന്ത്യൻ താരം ഡി.ഗുകേഷ്. ആവേശകരമായി മാറിയ പതിനൊന്നാം ഗെയിമിൽ ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് മുന്നിൽക്കയറി. നിലവിൽ ആറു പോയിന്റുമായാണ് ഗുകേഷിന്റെ മുന്നേറ്റം. ഡിങ് ലിറന് അഞ്ച് പോയിന്റുണ്ട്. ആകെ 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽനിന്ന് 1.5 പോയിന്റ് കൂടി നേടിയാൽ ഗുകേഷിന് ചാംപ്യനാകാം.

തുടർ സമനിലകൾക്കൊടുവിൽ, 11–ാം ഗെയിമിൽ സമയ സമ്മർദ്ദത്തിന് അടിപ്പെട്ട് ചൈനീസ് താരം വരുത്തിയ പിഴവാണ് ഗുകേഷിന് വിജയത്തിലേക്ക് വഴി തുറന്നത്. ചാംപ്യൻഷിപ്പിൽ ഗുകേഷിന്റെ രണ്ടാം ജയമാണിത്. ഒരു ഗെയിം ഡിങ് ലിറൻ ജയിച്ചപ്പോൾ, ശേഷിക്കുന്ന എട്ടു ഗെയിമുകൾ സമനിലയിൽ അവസാനിച്ചു. ഇനിയുള്ള മൂന്നു ഗെയിമുകളിൽ തോൽവി ഒഴിവാക്കാനായാൽ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചാംപ്യനാകാം.

English Summary:

India's D Gukesh wins Game 11 after Ding Liren blunder in World Chess Championship