സമനില അത്ര നല്ല ‘നില’യല്ലെന്ന് ഗുകേഷ് തീരുമാനിച്ചു, ആ തീരുമാനം ചരിത്രമായി; 18–ാം വയസ്സിൽ ലോക നെറുകയിൽ, റെക്കോർഡ്
Mail This Article
സിംഗപ്പൂർ∙ ചെസ് പണ്ഡിതൻമാരെല്ലാം ഒന്നടങ്കം സമനില ഉറപ്പിച്ച് ലോക ചെസ് ചാംപ്യൻഷിപ്പുകളിലെ ടൈബ്രേക്കറുകളുടെ ചരിത്രം ചികഞ്ഞു തുടങ്ങുമ്പോഴാണ്, ഡിങ് ലിറന്റെ അപ്രതീക്ഷിത പിഴവു മുതലെടുത്ത് ദൊമ്മരാജു ഗുകേഷ് കന്നിക്കിരീടത്തിലേക്ക് ‘ചെക്ക് വച്ചത്’. 14–ാം ഗെയിമിൽ നിലവിലെ ലോക ചാംപ്യൻ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നെങ്കിൽ ടൈബ്രേക്കറിന്റെ അതിസമ്മർദ്ദമായിരുന്നു ഗുകേഷിനെ കാത്തിരിക്കുന്നത്.
ഡിങ് ലിറന് മുൻതൂക്കം ലഭിക്കുമെന്ന് വിലയിരുത്തപ്പെട്ട ടൈബ്രേക്കറിലേക്ക് പോരാട്ടം നീട്ടേണ്ടതില്ലെന്ന ഇന്ത്യൻ താരത്തിന്റെ തീരുമാനം ചരിത്രമായി. ആ തീരുമാനം യാഥാർഥ്യമായതോടെ അട്ടിമറി ജയത്തിന്റെ തിളക്കവുമായി ലോക ചെസ് ചാംപ്യൻഷിപ്പ് നേടുന്ന പ്രായം കുറഞ്ഞ താരമായി ഗുകേഷ് മാറി. 18 വയസ്സുകാരനായ ഗുകേഷ് തമിഴ്നാട് സ്വദേശിയാണ്.
പ്രായക്കണക്കിൽ റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോർഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. 1985ൽ 22–ാം വയസ്സിലാണ് കാസ്പറോവ് ആദ്യമായി ലോക ചാംപ്യനാകുന്നത്. നിലവിലെ റെക്കോർഡിനേക്കാൾ നാലു വയസിന്റെ ‘ചെറുപ്പ’വുമായാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമാകുന്നത് എന്നതും ശ്രദ്ധേയം.
ഡിങ് ലിറന് പൊതുവേ സാധ്യത കൽപ്പിക്കപ്പെട്ട ലോക ചാംപ്യൻഷിപ്പ് പോരാട്ടത്തിന്റെ തുടക്കവും അതു ശരിവയ്ക്കുന്ന വിധത്തിലായിരുന്നു. ആദ്യ ഗെയിമിൽത്തന്നെ ഗുകേഷിനെ വീഴ്ത്തി ലിങ് ലിറനു ലീഡ്. രണ്ടാം ഗെയിം സമനിലയിൽ അവസാനിച്ചപ്പോൾ മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചടിച്ച് ഗുകേഷ് വരാനിരിക്കുന്ന വലിയ അട്ടിമറികളുടെ സൂചന നൽകി.
തുടർന്ന് തുടർച്ചയായി ഏഴു ഗെയിമുകൾ സമനിലയിൽ അവസാനിച്ചു. 11–ാം ഗെയിമിൽ ഗുകേഷ് വീണ്ടും അദ്ഭുതം കാണിച്ചു. ചൈനീസ് താരത്തെ അട്ടിമറിച്ച് ഗുകേഷ് ലീഡു പിടിച്ചു. ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽ സമനില പിടിച്ചാൽ ഗുകേഷിന് കിരീടമെന്ന മോഹങ്ങൾ ചാമ്പലാക്കി 12–ാം ഗെയിമിൽ ഡിങ് ലിറന്റെ തിരിച്ചുവരവ്. പോയിന്റ് 6.6 എന്ന സ്കോറിൽ തുല്യം.
ഇതോടെ 13, 14 ഗെയിമുകളിലേക്കായി എല്ലാ കണ്ണുകളും. 13–ാം ഗെയിം സമനിലയിലായതോടെ ഡിങ് ലിറന് മുൻതൂക്കം പ്രവചിച്ചവർ ഏറെ. അവസാന ഗെയിമിൽ ഡിങ് ലിറന് വെള്ളക്കരുവുമായി കളിക്കുന്നതിന്റെ ആനുകൂല്യമായിരുന്നു ഒരു പ്രധാന കാരണം. എന്നാൽ പ്രവചനങ്ങൾ കാറ്റിൽപ്പറത്തുന്ന ശീലം ഗുകേഷ് ഒരിക്കൽ കൂടി ആവർത്തിച്ചതോടെ സിംഗപ്പുരിൽ ചരിത്രം പിറന്നു.