ചെസ് ബോർഡിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ‘കിങ് ഗുകേഷ്’; പിതാവിനെ കെട്ടിപ്പിടിച്ച് ആഘോഷം- വിഡിയോ
Mail This Article
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ ചെസ് ബോർഡിനു മുന്നിൽ ആനന്ദക്കണ്ണീരൊഴുക്കി ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ്. വിജയമുറപ്പിച്ചതോടെ രണ്ടു കൈകൾകൊണ്ടും മുഖം അമർത്തിപ്പിടിച്ചാണ് ഗുകേഷ് കരഞ്ഞത്. മത്സരശേഷം ഒഫീഷ്യൽസ് ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെയും ഗുകേഷിന് വിജയം നൽകിയ വൈകാരിക നിമിഷങ്ങൾ നിയന്ത്രിക്കാനായില്ല.
മത്സര വേദിയിൽനിന്നു പുറത്തിറങ്ങിയ ഗുകേഷ് നേരെ പോയത് പിതാവ് ഡോ. രജനീകാന്തിന്റെ അടുത്തേക്കാണ്. പിതാവിനെ കെട്ടിപ്പിടിച്ച് വിജയമാഘോഷിക്കുന്ന ഗുകേഷിനെ മാധ്യമസംഘവും പൊതിഞ്ഞു. മകന്റെ മുതുകിൽ തട്ടിയും മുടിയിൽ തലോടിയുമാണ് പിതാവ് അഭിനന്ദിച്ചത്. പിന്നീട് പരിശീലകരെ കെട്ടിപ്പിടിച്ചപ്പോഴും ഗുകേഷ് പൊട്ടിക്കരഞ്ഞു.
വാശിയേറിയ 14–ാം ഗെയിമിൽ ചൈനയുടെ ഡിങ് ലിറനെ തോൽപിച്ചാണ് ഗുകേഷ് കിരീടമുറപ്പിച്ചത്. സമനിലയിലേക്കു പോകുമെന്ന തോന്നിച്ച മത്സരത്തിൽ ചൈനീസ് താരത്തിനു സംഭവിച്ച പിഴവു മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം. ഗുകേഷിന്റെ പിതാവ് രജനീകാന്ത് ഇഎൻടി സർജനാണ്. മാതാവ് ഡോ. പത്മ മൈക്രോ ബയോളജിസ്റ്റായും പ്രവർത്തിക്കുന്നു.