ചരിത്രം ഈ തീരുമാനം! വിജയം പങ്കുവച്ച് മാഗ്നസ് കാള്‍സനും ഇയാൻ നീപ്പോംനീഷിയും
Mail This Article
ന്യൂയോർക്ക്∙ ചരിത്രത്തിലാദ്യമായി ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിന് രണ്ടു ജേതാക്കൾ. നോർവെയുടെ മാഗ്നസ് കാൾസനും റഷ്യയുടെ ഇയാൻ നീപ്പോംനീഷിയുമാണ് കിരീടം പങ്കുവയ്ക്കാൻ തീരുമാനിച്ചത്. ഏഴു ഗെയിമുകളിലും മത്സരം അവസാനിക്കാതെ വന്നതോടെ നിലവിലെ ചാംപ്യനായ കാള്‍സൻ കിരീടം പങ്കുവയ്ക്കുന്നതിനു മുൻകൈയ്യെടുക്കുകയായിരുന്നു.
റഷ്യൻ താരം, കാൾസന്റെ നിർദേശത്തോട് യോജിച്ചതോടെ ബുധനാഴ്ച ന്യൂയോർക്കില്‍ ചരിത്രം പിറന്നു. കാൾസന്റെ കരിയറിലെ എട്ടാമത്തെ ലോക ബ്ലിറ്റ്സ് കിരീടമാണിത്. നീപ്പോംനീഷിയുടെ ആദ്യ വിജയവുമാണ്. സഡൻ ഡെത്ത് സ്റ്റേജിലെ മൂന്നു മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്.
തുടർന്ന് കിരീടം പങ്കുവയ്ക്കാൻ തയാറാണെന്ന് കാൾസൻ അറിയിച്ചതായി ഫിഡെ സ്ഥിരീകരിച്ചു. എന്നാൽ ഫിഡെയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനമുയർത്തി യുഎസ് ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാൻ രംഗത്തെത്തി. ‘ചെസ് ലോകം ഒരു തമാശയായി മാറിയിരിക്കുന്നു. ചരിത്രത്തിൽ ഇങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഒരു ലോകചാംപ്യന്‍ മാത്രമെ ഉണ്ടാകാൻ പാടുള്ളൂ.’’– നീമാൻ വ്യക്തമാക്കി.