എഎഫ്ഐ അത്‍ലീറ്റ്സ് കമ്മിഷൻ: അഞ്ജു അധ്യക്ഷ; നീരജ് ചോപ്രയും എം.ഡി.വൽസമ്മയും അംഗങ്ങൾ
Mail This Article
ന്യൂഡൽഹി ∙ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) അത്‍ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയായി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. 2 തവണ ഒളിംപിക്സ് മെഡൽ ജേതാവായ നീരജ് ചോപ്രയടക്കം 9 അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയെയാണ് അഞ്ജു നയിക്കുക. കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ട 6 വനിതകളിൽ മലയാളി ഒളിംപ്യൻ എം.ഡി.വൽസമ്മയുമുണ്ട്. നിലവിൽ മത്സരരംഗത്തുള്ള താരങ്ങളിൽ നീരജിനു പുറമേ സ്റ്റീപിൾ ചേസ് താരം അവിനാഷ് സാബ്‌ലെയും കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ചൊവ്വാഴ്ച നടന്ന ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ വാർഷിക ജനറൽ ബോഡി യോഗം അഞ്ജുവിനെ ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഫെഡറേഷനു കീഴിലെ അത്‍ലീറ്റ്സ് കമ്മിഷന്റെ അധ്യക്ഷപദവിയും അഞ്ജുവിനെത്തേടിയെത്തിയത്.
‘ഉത്തേജക നിയമത്തിന് പ്രഥമ പരിഗണന
കോട്ടയം ∙ ഉത്തേജക നിയമത്തെക്കുറിച്ചും അതു പാലിക്കുന്നതിനെക്കുറിച്ചുമുള്ള അവബോധം അത്‌ലീറ്റുകൾക്കിടയിൽ വർധിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് അഞ്ജു ബോബി ജോർജ് ‘മനോരമ’യോടു പറഞ്ഞു. ഉത്തേജക പരിശോധനയോടു സഹകരിക്കാത്തതിന്റെയും നിരോധിത മരുന്നുകൾ അറിവില്ലാതെ ഉപയോഗിച്ചതിന്റെയും പേരിൽ ശിക്ഷിക്കപ്പെടുന്ന അത്‌ലീറ്റുകളുടെ എണ്ണം കൂടുകയാണ്. കായികരംഗത്തെ ക്രിമിനൽ കുറ്റമാണ് ഉത്തേജക ഉപയോഗം. അതിൽ ഉൾപ്പെടാതിരിക്കാൻ അത്‌ലീറ്റുകൾ ജാഗ്രത പാലിക്കണം.
അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അഞ്ജു പിൻമാറിയതോടെയാണ് ബഹാദൂർ സിങ് എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കുടുംബത്തിലും അക്കാദമിയിലും കൂടുതൽ സമയം ചെലവഴിക്കേണ്ടതിനാലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചതെന്ന് അഞ്ജു പറഞ്ഞു.