ഗ്രീൻ ഗെയിംസ്: പരിസ്ഥിതി സൗഹൃദ മാതൃകകളുമായി ഉത്തരാഖണ്ഡ് ദേശീയ ഗെയിസ്
Mail This Article
കൊച്ചി ∙ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലെ വിജയികൾ കഴുത്തിലണിയുക ഇലക്ട്രോണിക് വേസ്റ്റിൽ നിന്നു നിർമിച്ച മെഡലുകൾ. ഗെയിംസിൽ ഇതാദ്യമായാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങളിലെ ലോഹഭാഗങ്ങൾ റീസൈക്കിൾ ചെയ്ത് നിർമിക്കുന്ന മെഡലുകൾ വിജയികൾക്കു സമ്മാനിക്കുന്നത്. 2020ലെ ടോക്കിയോ ഒളിംപിക്സിൽ വിജയികൾക്കു സമ്മാനിച്ചത് ഇത്തരം മെഡലുകളായിരുന്നു.
കായിക താരങ്ങളുടെയും ഒഫീഷ്യലുകളുടെയും ജഴ്സിയുൾപ്പെടെ നിർമിക്കുന്നതു റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നാണ്. താരങ്ങളെ താമസ സ്ഥലങ്ങളിലും വേദികളിലുമെത്തിക്കാൻ ഇ– ബസുകളാണ് ഉപയോഗിക്കുകയെന്നും സംഘാടകർ അറിയിച്ചു.
ഈ മാസം 28ന് ദേശീയ ഗെയിംസ് ആരംഭിക്കുമ്പോഴേക്കും ഉത്തരാഖണ്ഡിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. തണുപ്പു തന്നെയാകും കായിക താരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. കായിക താരങ്ങൾ താമസിക്കുന്ന മുറിയിലെ ഹീറ്ററുകളിലും വെള്ളം ചൂടാക്കാനും മറ്റുമായി സൗരോർജമാണ് ഉപയോഗിക്കുക.
നീന്തൽ മത്സരങ്ങൾ നടക്കുന്ന ഹൽദ്വാനിയിലെ നീന്തൽക്കുളത്തിലും ചൂടുവെള്ളം നിറയ്ക്കും. ഇതിനു വേണ്ടി 16 ഹോട്ട് വാട്ടർ പമ്പുകൾ പ്രയോജനപ്പെടുത്തും. 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിലെ വിവിധ വേദികളിലാണു 38–ാമതു ദേശീയ ഗെയിംസ് നടക്കുന്നത്. അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കുന്ന ഡെറാഡൂണാണ് പ്രധാനവേദി.