ഒളിംപിക് അസോസിയേഷന്റെ പട്ടിക വെട്ടികുറച്ച് കായിക മന്ത്രാലയം; ഐഒഎ vs കായിക മന്ത്രാലയം ശീതയുദ്ധം തുടരുന്നു !
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായുള്ള (ഐഒഎ) തർക്കത്തെ തുടർന്ന് ഏഷ്യൻ വിന്റർ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ എണ്ണം പകുതിയാക്കി കായിക മന്ത്രാലയത്തിന്റെ കടുംവെട്ട്. മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ കത്തയച്ചതിന് തുടർച്ചയായാണ് നടപടി. കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ച 76 താരങ്ങളുടെ വിന്റർ ഗെയിംസ് പട്ടികയിൽ നിന്ന് 35 പേരെയാണ് ഒഴിവാക്കിയത്.
വ്യക്തിഗത മത്സരങ്ങളിൽ ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ 6 സ്ഥാനങ്ങളിലുള്ളവരെയും ടീം ഇനങ്ങളിൽ ആദ്യ എട്ട് സ്ഥാനക്കാരെയും മാത്രം സർക്കാർ ചെലവിൽ ഗെയിംസിന് അയച്ചാൽ മതിയെന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയത്തിന്റെ പേരു വെട്ടൽ.
കായിക ഫെഡറേഷനുകളിൽ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി ആരോപിച്ച് പി.ടി.ഉഷ കത്തെഴുതിയത് അടക്കം ഐഒഎയും കായിക മന്ത്രാലയവും തമ്മിലുള്ള തർക്കം ചർച്ചയാകുന്നതിനിടെയാണ് പുതിയ വിവാദം. കായിക മേഖലയിലെ പ്രവർത്തനങ്ങളുടെ സുതാര്യത ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടലെന്നും കായിക മന്ത്രാലയത്തിലെ ജീവനക്കാർ കായിക മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പി.ടി.ഉഷ കത്തിൽ വിമർശിച്ചിരുന്നു. ഫെബ്രുവരി 7 മുതൽ 14 വരെ ചൈനയിലാണ് ഏഷ്യൻ വിന്റർ ഗെയിംസ്