പ്രഥമ ഖോഖൊ ലോകകപ്പിന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കം;, മലയാളി സാന്നിധ്യമായി നിഖിൽ; ഗെറ്റ് സെറ്റ് ഖോഖൊ!

Mail This Article
ന്യൂഡൽഹി ∙ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ യുദ്ധതന്ത്രങ്ങളിലൊന്നായി വിവരിക്കപ്പെടുന്ന ചക്രവ്യൂഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെട്ടതാണ് ഖോഖൊ എന്നാണ് ചരിത്രം. ലോകത്തു തന്നെ ഏറ്റവും പുരാതന കായിക വിനോദങ്ങളിലൊന്നായ ഖോഖോയുടെ ലോകകപ്പിന് ജന്മനാട് തന്നെ വേദിയൊരുക്കുന്നു.
പ്രഥമ ഖോഖൊ ലോകകപ്പിന് ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും. ഖോഖൊ ഫെഡറേഷൻ ഓഫ് ഇന്ത്യയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നു നടത്തുന്ന ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി 24 രാജ്യങ്ങൾ പങ്കെടുക്കും. ഇന്നു രാത്രി 8.30ന് ആതിഥേയരായ ഇന്ത്യയും നേപ്പാളും തമ്മിലുള്ള പുരുഷ വിഭാഗം മത്സരത്തോടെയാണ് ലോകകപ്പിനു തുടക്കം.
ബ്രാൻഡ് ഖോഖൊ
പുരുഷ വിഭാഗത്തിൽ 20 ടീമുകളും വനിതാ വിഭാഗത്തിൽ 19 ടീമുകളുമാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം കായിക ഇനമായ ഖോഖൊയ്ക്ക് ആഗോളതലത്തിൽ ജനപ്രീതി വളർത്തുകയാണ് ലോകകപ്പിന്റെ ലക്ഷ്യം.
ബോളിവുഡ് താരം സൽമാൻ ഖാനാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ്, ദൂരദർശൻ ചാനലുകളിലും ഹോട്‌സ്റ്റാർ ആപ്പിലും തത്സമയം കാണാം. ജനുവരി 19നാണ് ഫൈനൽ.

∙ മലയാളി സാന്നിധ്യമായി നിഖിൽ
പുണെ സ്വദേശി പ്രതീക് വൈകാറാണ് ഇന്ത്യൻ പുരുഷ ടീമിനെ നയിക്കുന്നത്. തിരുവനന്തപുരത്തുകാരൻ ബി.നിഖിലാണ് ടീമിലുള്ള ഏക മലയാളി. വനിതാ ടീമിന്റെ ക്യാപ്റ്റൻ മഹാരാഷ്ട്രയിൽ നിന്നുള്ള പ്രിയങ്ക ഇംഗിളാണ്. അശ്വനി കുമാർ ശർമയാണ് പരിശീലകൻ. ദേശീയ മത്സരങ്ങളിലും ഖോഖൊ പ്രിമിയർ ലീഗിലും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ലോകകപ്പ് ടീമുകളിൽ ഇടംപിടിച്ചത്.
പുരുഷ വിഭാഗത്തിൽ നേപ്പാൾ, പെറു, ബ്രസീൽ, ഭൂട്ടാൻ എന്നിവരാണ് ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. വനിതാ വിഭാഗത്തിൽ ഇറാൻ, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ. 4 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ടിലെത്തും.
∙ മെയ്ഡ് ഇൻ ഇന്ത്യ
കബഡി കഴിഞ്ഞാൽ ഏറ്റവുമധികം പ്രചാരമുള്ള ടാഗ് ഗെയിം (കളിക്കാർ പരസ്പരം ചെയ്സ് ചെയ്യുന്ന കായിക ഇനങ്ങൾ) ആണ് ഖോഖൊ. ബ്രിട്ടിഷുകാരറിയാതെ പരസ്പരം വിവരങ്ങൾ കൈമാറാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ വികസിപ്പിച്ചെടുത്ത കളിയാണിതെന്നും ചരിത്രമുണ്ട്. കായികക്ഷമത വളരെയേറെ ആവശ്യമായ ഖോഖൊ 1982 ഡൽഹി ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
3 പകരക്കാരടക്കം 12 പേരടങ്ങുന്നതാണ് ഓരോ ഖോഖൊ ടീമും. കളത്തിൽ എതിരാളിയെ ടാഗ് ചെയ്യുകയോ ഓടിപ്പിടിക്കുകയോ ചെയ്ത് പോയിന്റുകൾ നേടുക എന്നതാണ് ലക്ഷ്യം. 9 മിനിറ്റ് വീതമുള്ള 2 ഇന്നിങ്സുകളാണ് ഒരു മത്സരത്തിലുണ്ടാവുക. ടീമുകൾക്ക് ചേസിങ്ങിനും ഡിഫൻഡിങ്ങിനും മാറിമാറി ഊഴം ലഭിക്കും. ചേസിങ് ടീമിന്റെ 8 പേർ പരസ്പരം സിഗ്സാഗ് രീതിയിൽ നടുവിലെ വരയ്ക്കഭിമുഖമായി മുട്ടുകുത്തിയിരിക്കും.
ടീമിലെ ഒൻപതാമനാണ് ആക്ടീവ് ചേസർ. ഡിഫൻഡിങ് ടീമംഗങ്ങൾ 3 പേരുടെ സംഘങ്ങളായി തിരിഞ്ഞ് പല തവണകളായി കളത്തിലിറങ്ങും. കളത്തിലുള്ള 3 ഡിഫൻഡൻമാരെ ഓടി തൊടുകയാണ് ആക്ടീവ് ചേസറുടെ ലക്ഷ്യം. രണ്ട് ഇന്നിംഗ്സുകളുടെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കും.