ദേശീയ സീനിയർ വോളിയിൽ പുരുഷ ടീമിനു കിരീടം; വനിതകൾക്ക് ഫൈനലിൽ തോൽവി

Mail This Article
ജയ്പുർ ∙ ദേശീയ സീനിയർ വോളിബോളിൽ കേരള പുരുഷ ടീം ജേതാക്കൾ. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു കേരളം കിരീടം സ്വന്തമാക്കിയത്. സ്കോർ: 25–20, 26–24, 19–25, 21–25, 22–15. കേരളത്തിന്റെ 7–ാം കിരീടമാണിത്. 2017–18ൽ കോഴിക്കോടു നടന്ന ചാംപ്യൻഷിപ്പിൽ ജേതാക്കളായതിനു ശേഷമുള്ള ആദ്യ കിരീടവും.
മലയാളി താരങ്ങൾ ഉൾപ്പെട്ട സർവീസസ് ടീമിനോട് ഗ്രൂപ്പ് റൗണ്ടിൽ കേരളം തോൽവി വഴങ്ങിയിരുന്നു. ആ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്നലെ സർവീസസ് കളത്തിലിറങ്ങിയത്. എന്നാൽ, ആദ്യ സെറ്റ് പിടിച്ചടക്കി അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള കേരള ടീം നയം വ്യക്തമാക്കി.
രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലായിരുന്നു കേരളത്തിന്റെ വിജയം. മൂന്നും നാലും സെറ്റുകൾ പിടിച്ചടക്കി സർവീസസ് മത്സരത്തിൽ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു.
നിർണായകമായ അഞ്ചാം സെറ്റിൽ പക്ഷേ, കേരളം സർവീസസിനു പൊരുതാൻ അവസരം നൽകാതെ ആഞ്ഞടിച്ചു. മുൻ ഇന്ത്യൻ താരം എസ്.ടി. ഹരിലാലാണ് കേരളത്തിന്റെ പരിശീലകൻ.
അതേസമയം, ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിലെത്തിയ കേരള വനിതാ ടീം റെയിൽവേസിനോടു തോൽവി വഴങ്ങി. സ്കോർ: 25–18, 24–26, 25–15, 25–12. രണ്ടാം സെറ്റ് മാത്രമാണ് കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ കേരളത്തിനു നേടാൻ കഴിഞ്ഞത്.