ഒരു സ്മാഷിന്റെ കുറവുണ്ട്!

Mail This Article
കൊച്ചി ∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനു രണ്ടു ടീം! ആശ്ചര്യ ചിഹ്നം വെറുതെയിട്ടതല്ല; കാര്യങ്ങളുടെ പോക്ക് ആ വഴിക്കാണ്. കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനു പകരം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടീമിനെ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നു കാണിച്ചു കൗൺസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു കത്തു നൽകി. ഇതോടെ വോളിബോൾ കോർട്ടിൽ വീണ്ടും വെടിയും പുകയും തുടങ്ങി.
ദേശീയ ഗെയിംസ് വരുമ്പോഴൊക്കെ വോളിബോളിലെ തർക്കം പതിവാണ്. തർക്കത്തിൽ തട്ടി കഴിഞ്ഞ ദേശീയ ഗെയിംസിൽ നിന്നു വോളിബോൾ തന്നെ പുറത്തായിരുന്നു. കളിക്കളത്തിലല്ല, കളത്തിനു പുറത്തെ ഭരണക്കാർക്കിടയിലാണ് അടി. ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള വോളിബോൾ ടീമിന്റെ സിലക്‌ഷന്റെ അധികാരം ആർക്ക് എന്നതാണു ചോദ്യം.
വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) ഇപ്പോൾ സസ്പെൻഷനിലാണ്. പകരം ഒളിംപിക് അസോസിയേഷൻ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയാണ് ദേശീയ തലത്തിലുള്ളത്. കേരളത്തിൽ സ്പോർട്സ് കൗൺസിൽ നിയമിച്ച ടെക്നിക്കൽ കമ്മിറ്റിയും. ഈ ടെക്നിക്കൽ കമ്മിറ്റിയാണു ദേശീയ സീനിയർ വോളി ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുത്തത്. ഈ ടീമിനെ തന്നെ ദേശീയ ഗെയിംസിലും പങ്കെടുപ്പിക്കണമെന്നാണു സ്പോർട്സ് കൗൺസിലിന്റെ ആവശ്യം.
എന്നാൽ വോളിബോൾ അസോസിയേഷനോടു കൂടിയാലോചിച്ചു ദേശീയ ഗെയിംസിനുള്ള ടീമിനെ തിരഞ്ഞെടുക്കാൻ സംസ്ഥാന ഒളിംപിക് അസോസിയേഷന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തേ നിർദേശം നൽകിയിരുന്നു. അവർ ട്രയൽസ് നടത്തി മറ്റൊരു ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ടീമിന്റെ ലിസ്റ്റാണ് കേരള ഒളിംപിക് അസോസിയേഷൻ ദേശീയ ഗെയിംസ് സംഘാടകർക്കു സമർപ്പിച്ചിട്ടുള്ളത്.
ഇതോടെ പുരുഷ–വനിതാ വിഭാഗങ്ങളിൽ കേരളത്തിനു 2 ടീമായി. രണ്ടു ടീമിലും ഒരേ താരങ്ങളുണ്ടെങ്കിലും ക്യാപ്റ്റനും കോച്ചുമൊക്കെ വേറെയാണ്. സ്പോർട്സ് കൗൺസിലിന്റെ ആവശ്യം ഒളിംപിക് അസോസിയേഷൻ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. ഇതോടെ തർക്കം കോടതിയിലേക്കു നീളാനും സാധ്യതയുണ്ട്. 2022ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ കോടതി ഇടപെട്ടാണു വോളിബോൾ ടീമിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്.
അടി ഇവിടെ മാത്രമാണെന്നു തെറ്റിദ്ധരിക്കരുത്. വോളിയിലെ അടി ദേശീയ ലെവലിലാണ്. എല്ലാ സംസ്ഥാനങ്ങളിലുമുണ്ട് സമാന പ്രശ്നങ്ങൾ.ആരുടെ ടീമായാലും കൊള്ളാം കളിക്കളത്തിൽ കേരളം ജയിക്കണം! അതു മാത്രമാണു സാധാരണക്കാരായ വോളി ആരാധകരുടെ സ്വപ്നം. 2022ൽ അഹമ്മദാബാദിൽ നടന്ന ദേശീയ ഗെയിംസിൽ പുരുഷ, വനിത വിഭാഗങ്ങളിൽ കേരളത്തിനായിരുന്നു സ്വർണം.