കോർട്ടിൽ പക്ഷികളുടെ കാഷ്ഠം, എല്ലായിടത്തും വൃത്തികേടുകൾ മാത്രം: ഇന്ത്യയിലെത്തി ‘കുടുങ്ങിയെന്ന്’ ഡെൻമാർക്ക് താരം

Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിൽ ബാഡ്മിന്റൻ മത്സരത്തിനെത്തിയപ്പോഴുള്ള മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നടിച്ച് ഡെൻമാര്‍ക്ക് താരം മിയ ബ്ലിച്ഫെറ്റ്. ഇന്ത്യ ഓപ്പൺ സൂപ്പര്‍ 750 ബാഡ്മിന്റൻ മത്സരങ്ങൾക്കു വേണ്ടി ഡൽഹിയിലെത്തിയ താരത്തിന് വയറുവേദന ഉണ്ടായതായാണു പരാതി. പരിശീലനത്തിനായി ലഭിച്ച കോർട്ടുകള്‍ പക്ഷികളുടെ കാഷ്ഠം നിറഞ്ഞതും വൃത്തിയില്ലാത്തതുമായിരുനെന്നു മിയ ഇന്‍സ്റ്റഗ്രാമിൽ തുറന്നടിച്ചു. രാജ്യ തലസ്ഥാനത്തെ സാഹചര്യങ്ങൾ അനാരോഗ്യകരവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്നാണ് അവരുടെ പ്രതികരണം.
ലോക 23–ാം നമ്പർ താരമായ മിയ, രണ്ടാം റൗണ്ടിൽ ചൈനയുടെ വാങ് ഷി യിയോട് 21–13, 16–21, 8–21 എന്ന സ്കോറിന് തോറ്റാണു പുറത്തായത്. ‘‘ഇന്ത്യയിലെ സമ്മർദം നിറഞ്ഞ ഒരാഴ്ചയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തി. ഇന്ത്യ ഓപ്പണിനിടെ ഞാൻ അസുഖ ബാധിതയായി. ഇതു തുടർച്ചയായി രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ആഴ്ചകളെടുത്തുള്ള തയാറെടുപ്പാണ് ഇന്ത്യയിലെ മോശം സൗകര്യങ്ങൾ കാരണം പാഴായിപ്പോയത്.’’– മിയ ബ്ലിച്ഫെറ്റ് പ്രതികരിച്ചു.
‘‘പുകമഞ്ഞിൽ പരിശീലിക്കണമെന്നും കളിക്കണമെന്നും പറയുന്നതു ശരിയല്ല. കോർട്ടിൽ നിറയെ പക്ഷികളുടെ കാഷ്ഠമായിരുന്നു. എല്ലായിടത്തും വൃത്തികേടുകൾ മാത്രം. രണ്ടാം റൗണ്ടിലെത്തിയെങ്കിലും, ഇന്ത്യയിലെ സൗകര്യങ്ങളിൽ എനിക്ക് ഒട്ടും തൃപ്തിയില്ല. ’’– മിയ വ്യക്തമാക്കി.